Sub Lead

ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും

അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന് നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും
X

പനാജി: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന് നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് ബിജെപി മുന്നോട്ട് വന്നത്.

അതേസമയം, നാലു തവണ പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രി പദമലങ്കരിച്ചിട്ടും അന്നൊന്നും സഖ്യകക്ഷികളെ പരിഗണിച്ചിരുന്നില്ലെന്നും പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് സഖ്യകക്ഷികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു. മൂന്ന് എംഎല്‍മാര്‍ കൂട്ടുള്ള എംജിപി നേതാവ് സുദിന്‍ ധവലികര്‍ മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത ഗഡ്കരിയെ അറിയിക്കുകയും ചെയ്തതോടെ ബിജെപി വെട്ടിലായിരുന്നു. ഇതിനിടെ ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ഇതിനിടെയാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

നിലവില്‍ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 14 ഉം ബിജെപിയക്ക് 12 ഉം അംഗങ്ങളാണുള്ളത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെ തുടര്‍ന്ന് തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് പരീക്കറുടെ മരണം. മുന്‍ ബിജെപി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ യുമായ ദിഗംബര്‍ കാമത്തിനെ തിരിച്ച് പാര്‍ട്ടിയിലെത്തിച്ച് ഭരണം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it