Sub Lead

കുഞ്ഞുങ്ങള്‍ മുതല്‍ പോലിസുകാരന്‍ വരെ, ഒരു കുടുംബത്തിലെ 14 പേര്‍; കണ്ണീര്‍ക്കടലായ് താനൂര്‍

കുഞ്ഞുങ്ങള്‍ മുതല്‍ പോലിസുകാരന്‍ വരെ, ഒരു കുടുംബത്തിലെ 14 പേര്‍; കണ്ണീര്‍ക്കടലായ് താനൂര്‍
X

മലപ്പുറം: താനൂര്‍ ഒട്ടുംപുറം ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ട 21 പേരില്‍ 19 പേരെയും തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങള്‍ മുതല്‍ പോലിസുകാരന്‍ വരെയും ഒരു കുടുംബത്തിലെ 14 പേര്‍ക്കും വരെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. ഒരൊറ്റ രാവ് കൊണ്ട് കണ്ണീര്‍ക്കടലായി മാറിയിരിക്കുകയാണ് താനൂര്‍-പരപ്പനങ്ങാടി കടപ്പുറം മേഖല. മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെയും അമിതമായി ആളുകളെ കയറ്റിയതുമാണ് അപകടത്തിനു വഴിതെളിയിച്ചത്. നിലവില്‍ 10 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. പലരുടെയും നില ഗുരുതരമാണ്. താനൂര്‍ സ്‌റ്റേഷനിലെ പോലിസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍(37), താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ്(41), മക്കളായ ഫാത്തിമ മിന്‍ഹ(12), ഫൈസാന്‍(3), പരപ്പനങ്ങാടി ആവിയല്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു(40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ന(17), ഹസ്‌ന(18), ഷംന(17), പരപ്പനങ്ങാടി കുന്നുമ്മല്‍ ആവിയാല്‍ ബീച്ചില്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഷാമിന്റെ മകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെയും 15 വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ താനൂരിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ്, അഗ്‌നിരക്ഷാ സേന, തീരദേശ പോലിസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. പൂരപ്പുഴയില്‍ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാര്‍ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണമായും മുങ്ങി. ഇതു പിന്നീട് ഉയര്‍ത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it