Sub Lead

ഇഡിക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബൈ ഹൈക്കോടതി; പൗരന്മാരെ ഉപദ്രവിക്കരുതെന്ന് താക്കീത്

ഇഡിക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബൈ ഹൈക്കോടതി; പൗരന്മാരെ ഉപദ്രവിക്കരുതെന്ന് താക്കീത്
X

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമവ്യവസ്ഥക്ക് അകത്തുനിന്ന് പ്രവര്‍ത്തിക്കണമെന്നും പൗരന്‍മാരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ബോംബൈ ഹൈക്കോടതി. പൗരന്‍മാരെ ഉപദ്രവിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം നല്‍കാന്‍ ജസ്റ്റിസ് മിലിന്ദ് ജാദവ് ഇഡിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

മഹാരാഷ്ട്രയിലെ മലാഡിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പുതുക്കിപ്പണിയുന്നതിനായി ഒരു ബയറും ഡെവലപ്പറും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ ലംഘിക്കപ്പെട്ടെന്ന കേസിലാണ് ഹൈക്കോടതി ഇടപെടല്‍. ഇരുകൂട്ടരും തമ്മിലുള്ള സിവില്‍ തര്‍ക്കം 2009ല്‍ പോലിസ് കേസായി മാറുകയും 2012ല്‍ ഇഡി എത്തുകയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു(പിഎംഎല്‍എ) കേസില്‍ ഇഡി കുറ്റപത്രം നല്‍കിയത്. ഡെവലപ്പറുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഡെവലപ്പര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള താല്‍പ്പര്യം അവഗണിച്ച് സ്വന്തം നേട്ടങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന:പൂര്‍വ്വം ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് പിഎംഎല്‍എയുടെ പരിധിയില്‍ വരികയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രഹസ്യമായി ഗൂഡാലോചന നടത്തി ഇരുട്ടില്‍ നടപ്പാക്കുന്ന കുറ്റകൃത്യങ്ങളെ നേരിടാനാണ് പിഎംഎല്‍എ രൂപീകരിച്ചിരിക്കുന്നത്. നിലവിലെ കേസ് രണ്ടു കക്ഷികള്‍ തമ്മിലുള്ള വിശ്വാസവഞ്ചനയുമായി ബന്ധപ്പെട്ടതാണ്. പിഎംഎല്‍എ നടപ്പാക്കുന്നതിന്റെ മറവില്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ വ്യക്തമാക്കുന്ന ക്ലാസിക് കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇഡിയ്ക്ക് ഒരുലക്ഷം രൂപ പിഴയിട്ടത്. ഡെവലപ്പര്‍ക്കെതിരേ ഇഡി കൊണ്ടുവന്ന കേസും സ്വത്തുകണ്ടെത്തലുമെല്ലാം റദ്ദാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it