Sub Lead

കൈക്കൂലി: ചെര്‍പ്പുളശ്ശേരി നഗരസഭാ ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി നഗരസഭാ ഗ്രേഡ് മൂന്ന് ഓവര്‍സിയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ് ഷമീര്‍ (34) എന്നിവരാണ് പിടിയിലായത്‌

കൈക്കൂലി: ചെര്‍പ്പുളശ്ശേരി നഗരസഭാ  ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍
X

ചെര്‍പ്പുളശേരി: കെട്ടിട നിര്‍മാണാനുമതി പുതുക്കാന്‍ കൈക്കൂലി വാങ്ങിയ ചെര്‍പ്പുളശ്ശേരി നഗരസഭാ ഗ്രേഡ് മൂന്ന് ഓവര്‍സിയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ് ഷമീര്‍ (34) എന്നിവരെ പാലക്കാട് നിന്നുള്ള വിജിലന്‍സ് വിഭാഗം പിടികൂടി. വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നഗരസഭയുടെ സമീപത്തു നിന്നുമാണ് വിജിലന്‍സ് നല്‍കിയ ഫിനാഫ്തലില്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന്‍ കൈമാറുന്നതിനിടെ രണ്ടു പേരെയും കയ്യോടെ പിടികൂടിയത്. നാലായിരം രൂപയാണ് ഇവരില്‍ നിന്നു പിടികൂടിയത്. തുടര്‍ന്ന് നഗരസഭയുടെ കെട്ടിട നിര്‍മാണ വിഭാഗത്തിലെ ഫയലുകള്‍ പരിശോധിച്ച വിജിലന്‍സ് സംഘം ഇവരുടെ താമസസ്ഥലത്തും തിരച്ചില്‍ നടത്തി.

ഒന്നര വര്‍ഷം മുമ്പാണ് ലിജിന്‍ നഗരസഭയില്‍ ഉദ്യോഗസ്ഥനായി എത്തിയത്. കാറല്‍മണ്ണ സ്വദേശിയോടാണ് കെട്ടിട നിര്‍മാണ അനുമതി പുതുക്കാന്‍ ലിജിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാന്‍ ലിജിന്റെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് മുഹമ്മദ് ഷമീര്‍ ഒപ്പം വന്നത്. നഗസഭാ വൈസ് ചെയര്‍മാന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് മുഹമ്മദ് ഷമീര്‍. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി കെ എ ശശിധരന്‍, സിഐമാരായ എം ശശിധരന്‍, മുഹമ്മദ് ഹനീഫ, എസ്‌ഐ മുഹമ്മദ് റഫീഖ്, തഹസില്‍ദാര്‍മാരായ എന്‍ എസ് സുരേഷ് കുമാര്‍ (എല്‍എ കിന്‍ഫ്ര), ഡി അമൃത വല്ലി (എല്‍ ആര്‍ പാലക്കാട്) എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത് .

സംഭവത്തെ തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌സിപിഐ സംഘടനകള്‍ നഗരസഭയിലേക്ക് പ്രതിഷേധവുമായെത്തി. അഴിമതിയില്‍ ഭരണക്കാരുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരി സിഐ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ വിജിലന്‍സ് പരിശോധന രാത്രി ഒമ്പതു വരെ നീണ്ടു. അറസ്റ്റിലായ ലിജിനെയും മുഹമ്മദ് ഷെമീറിനേയും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it