Big stories

കൊവിഡ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊവിഡ് മഹാമാരി 3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് വര്‍ധിക്കാനും സാധ്യതയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് മരണപ്പെടുന്ന എല്ലാ കൊവിഡ് രോഗികള്‍ക്കും പണം നല്‍കാനാവില്ലെന്ന് 183 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.

കൊവിഡ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നയം വ്യക്തമാക്കണമെന്ന സുപ്രിംകോടതിയുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹരജിയിലാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്. കൊവിഡ് മഹാമാരി 3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് വര്‍ധിക്കാനും സാധ്യതയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് മരണപ്പെടുന്ന എല്ലാ കൊവിഡ് രോഗികള്‍ക്കും പണം നല്‍കാനാവില്ലെന്ന് 183 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി. കൊവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണ്.

ഭൂകമ്പം അല്ലെങ്കില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് പകര്‍ച്ചവ്യാധിക്ക് ഇത് ബാധകമാവില്ല. വര്‍ധിച്ച ആരോഗ്യച്ചെലവും കുറഞ്ഞ നികുതി വരുമാനവും കണക്കിലെടുക്കുമ്പോള്‍ ലക്ഷക്കണക്കിന് കൊവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയെന്നത് സംസ്ഥാന ബജറ്റിന് അപ്പുറമാണ്. പരിമിതമായ വിഭവങ്ങള്‍ വിനിയോഗിച്ച് നഷ്ടപരിഹാരം നല്‍കുമ്പോള്‍ മറ്റ് വശങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനറങ്ങളെയും ആരോഗ്യചെലവുകളെയും പ്രതികൂലമായി ബാധിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

ഇത് ഗുണത്തേക്കാളേറെ ദോഷത്തിനായിരിക്കും ഇടയാക്കുക- കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് മാത്രമേ നയങ്ങള്‍ തീരുമാനിക്കാവൂ എന്നും കേന്ദ്രത്തിന് വേണ്ടി ജുഡീഷ്യറിക്ക് തീരുമാനമെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഓരോ ഇരയുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ 'കൊവിഡ് ഡെത്ത്' പരാമര്‍ശിക്കും. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഡോക്ടര്‍മാര്‍ക്ക് പിഴ ചുമത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it