Sub Lead

കൊറോണ: സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ തടയണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

അച്ചടി-ദൃശ്യ-ശ്രാവ്യ -നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ മനപൂര്‍വമോ ആസൂത്രിതമായോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കും.

കൊറോണ: സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ തടയണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കണെന്നാവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നിര്‍ദേശങ്ങള്‍ തേടികൊണ്ടുള്ള പൊതുതാല്‍പര്യ ഹരജികള്‍ക്കും പകര്‍ച്ചാവ്യാധി പകരുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഈ അഭ്യര്‍ഥന നടത്തിയത്.

ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ അച്ചടി-ദൃശ്യ-ശ്രാവ്യ -നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ മനപൂര്‍വമോ ആസൂത്രിതമായോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കും. ലോകം മഹാമാരിയെ രേനിടാന്‍ പാടുപെടുമ്പോള്‍ ഇത്തരം അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടിംഗുകള്‍ രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തെ പരിഭ്രാന്തിയിലേക്ക് നയിക്കാന്‍ ഇടായാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഐഎഎസ് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇത് രാജ്യത്തെ ആകെ ബാധിക്കും. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സ്ഥിരീകരണമില്ലാത്ത വാര്‍ത്തകളെ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം പരിഭ്രാന്തി സൃഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഉന്നത കോടതിയിലെ നിര്‍ദേശം, സമൂഹത്തിലെ ഒരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല, തെറ്റായ വിവരത്തിന്റെ ചുവടുപിടിച്ചുള്ള അനന്തരഫലങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

വൈറസ് വ്യാപനം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ദൈനംദിന സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇതനുസരിച്ച്, സമയബന്ധിതമായ നിരവധി നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it