Sub Lead

'മുസ്‌ലിംകള്‍ ഡിസംബര്‍ 31നകം നാട് വിടണം': ഭീഷണിയുമായി ഉത്തരാഖണ്ഡിലെ ഖാന്‍സറിലെ വ്യാപാരികള്‍

ഒഴിഞ്ഞു പോവാത്തവരെ നേരിടാനാണ് തീരുമാനം. അവര്‍ക്ക് വീടോ കടമുറികളോ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും.

മുസ്‌ലിംകള്‍ ഡിസംബര്‍ 31നകം നാട് വിടണം: ഭീഷണിയുമായി ഉത്തരാഖണ്ഡിലെ ഖാന്‍സറിലെ വ്യാപാരികള്‍
X

ചമോലി: ഉത്തരാഖണ്ഡിലെ ഖാന്‍സര്‍ താഴ്‌വരയിലെ മുസ്‌ലിംകള്‍ ഡിസംബര്‍ 31നകം നാടുവിടണമെന്ന് വ്യാപാരികളുടെ സംഘടന. ഖാന്‍സറിലെ 15 മുസ്‌ലിം കുടുംബങ്ങള്‍ നാടുവിടണമെന്നാണ് വ്യാപാര മണ്ഡല്‍ എന്ന സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖാന്‍സറിലെ ചന്തയില്‍ കൂടിയ ബോധവല്‍ക്കരണ യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലാണ് ആവശ്യം.

യോഗത്തിന് ശേഷം നടന്ന റാലിയില്‍ പ്രദേശത്തെ ഹിന്ദു വ്യാപാരികളും മറ്റുമാണ് പങ്കെടുത്തത്. വളരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

പ്രതിരോധ നടപടിയുടെ ഭാഗമായാണ് പ്രമേയം പാസാക്കിയതെന്ന് സംഘടനയുടെ മുന്‍ പ്രസിഡന്റായ വീരേന്ദ്ര സിങ് പറഞ്ഞു. മുസ്‌ലിം കുടുംബങ്ങള്‍ ഡിസംബര്‍ 31നകം ഒഴിഞ്ഞുപോവണമെന്ന് യോഗം തീരുമാനിച്ചു. ഒഴിഞ്ഞു പോവാത്തവരെ നേരിടാനാണ് തീരുമാനം. അവര്‍ക്ക് വീടോ കടമുറികളോ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. അവര്‍ക്കെതിരേ പിഴ ഈടാക്കുന്നത് അടക്കമുള്ള സാമൂഹിക ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ഖാന്‍സറില്‍ പുറമെ നിന്നുള്ള വഴിയോരക്കച്ചവടക്കാര്‍ പ്രവേശിക്കുന്നത് തടയാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരെ പിടികൂടി പതിനായിരം രൂപ പിഴ ഈടാക്കും. ഖാന്‍സറിലെ ഹിന്ദു സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനാണ് ഈ തീരുമാനമെന്നും വീരേന്ദ്രസിങ് കൂട്ടിചേര്‍ത്തു.

എന്നാല്‍, ഈ പ്രമേയത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ചമോലി എസ്പി സര്‍വേഷ് പന്‍വാര്‍ പറഞ്ഞു. ' പോലിസ് ഇക്കാര്യം അന്വേഷിച്ച് ഉചിതമായ നിയമനടപടി സ്വീകരിക്കും. ക്രമസമാധാനം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല.''-എസ്പി പറഞ്ഞു.

നന്ദ്ഘട്ട് പ്രദേശത്ത് നേരത്തെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള യുവാവ് പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു ആക്രമണം. തുടര്‍ന്ന് പ്രദേശത്ത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. 'പുറമെ നിന്ന്' എത്തിയവരെ കണ്ടെത്താന്‍ വീടുവീടാന്തരം പരിശോധനകളും നടന്നു. ഇതോടെ ബിജെപി അംഗമായ മുസ്‌ലിം യുവാവിന്റെ കുടുംബം അടക്കം പത്ത് കുടുംബങ്ങള്‍ നാടുവിടാന്‍ നിര്‍ബന്ധിതരായി.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ കേദാര്‍ താഴ്‌വരയിലെ ചില ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ അല്ലാത്തവരും രോഹിങ്യന്‍ മുസ്‌ലിംകള്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡ് സ്ഥാപിച്ചതിന് ശേഷം ഉത്തരകാശിയില്‍ ഹിന്ദുത്വരുടെ പ്രതിഷേധ റാലി നടന്നു. 1969ല്‍ നിര്‍മിച്ച ഒരു മുസ്‌ലിം പള്ളിയും ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന കോളനികളും പൊളിക്കണമെന്ന ആവശ്യം ഈ റാലിയില്‍ ഉയര്‍ന്നു.


രണ്ടു ഹിന്ദു പെണ്‍കുട്ടികളെ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് 86 മുസ് ലിം വ്യാപാരികള്‍ നാടുവിടണമെന്ന് 2024 മാര്‍ച്ചില്‍ ധാര്‍ചുല നഗരത്തിലെ വ്യാപാരി സംഘടന ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it