Sub Lead

തുലാമഴയില്‍ റെക്കോര്‍ഡ്; 120 വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍, ഇന്നും കനത്ത മഴ, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇക്കാലയളവില്‍ 567 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും ഇത് 120 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ തുലാവര്‍ഷ മഴയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാമഴയില്‍ റെക്കോര്‍ഡ്; 120 വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍, ഇന്നും കനത്ത മഴ, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: ഈ മാസം ഒന്നുമുതല്‍ 28 വരെ സംസ്ഥാനത്ത് റെക്കോര്‍ഡ് തുലാമഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇക്കാലയളവില്‍ 567 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും ഇത് 120 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ തുലാവര്‍ഷ മഴയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുവരെയുള്ള റെക്കോര്‍ഡായ 1999ലെ തുലാവര്‍ഷത്തിലെ 566 മില്ലിമീറ്റര്‍ മഴയാണ് ഈ ഒക്ടോബര്‍ മറികടന്നത്.

തുലാവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1 മുതല്‍ 28 വരെയുള്ള ദിവസത്തിനകം ഈ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും പെയ്ത സ്ഥിതിയാണ് ഇത്തവണത്തേത്. ഇതിനുമുന്‍പ് 1932,1999, 2002 വര്‍ഷങ്ങളിലായി മൂന്നു തവണ ഒക്ടോബറില്‍ 500 മില്ലിമീറ്ററിനു മുകളില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടു തുലാവര്‍ഷ സീസണുകളില്‍ 2019, 2015, 2014 വര്‍ഷങ്ങളിലാണു മാത്രമാണ് ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദത്തില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത

അതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

Next Story

RELATED STORIES

Share it