Sub Lead

'വെറും വിഷമല്ല, കൊടുംവിഷം'; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

വെറും വിഷമല്ല, കൊടുംവിഷം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി
X

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. അദ്ദേഹം വെറും വിഷമല്ല, കൊടുംവിഷമാണെന്നും ഇന്നെ വെറും വിഷമെന്നാണ് പറഞ്ഞതെന്നും ഇപ്പോഴത് കൊടുംവിഷമാണെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. വിഷം പരത്തുന്ന വര്‍ഗീയവാദിയായി മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നുവെന്ന രാജീവ് ചന്ദ്രശേഖരുടെ മറുപടിയെ കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടിയുണ്ടായത്. കൊടുംവിഷമാണ്. അതൊരു ആക്ഷേപമല്ല. അദ്ദേഹത്തിന് അതൊരു അലങ്കാരമാണ്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നാണല്ലോ അദ്ദേഹം കാണുന്നത്. അതുതന്നെയാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, വിഷം അന്നേ അന്നു ഞാന്‍ പറഞ്ഞുള്ളൂ. ഇപ്പോള്‍ കൊടുംവിഷമെന്ന് പറയുന്നു. അത്രേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്വഷപ്രചാരണത്തില്‍ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന്, അതിന് ഒരു മറയുമുണ്ടാവില്ലെന്ന് ഇന്നലെ തന്നെ പറഞ്ഞതാണെന്നും അതേ ഇന്നും പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പോലിസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാവേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലുള്ളവരുടെ ചികില്‍സാചെലവ് കേരളം ഏറ്റെടുക്കുമോയെന്ന രാജീവ് ചന്ദ്രശേഖരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. സാധാരണ അവസ്ഥയില്‍ ഇത്തരം കാര്യങ്ങളെല്ലാം കേരളത്തില്‍ സര്‍ക്കാര്‍ തന്നെയാണ് ചെയ്യാറുള്ളതെന്നും അക്കാര്യത്തിലൊന്നും കേന്ദ്രത്തിന് ആശങ്കയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നേതാവ് കേരളത്തിലെ ഒരു സംഘടന നടത്തിയ പരിപാടിയില്‍ സംസാരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, ജമാഅത്തെ ഇസ് ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ പരിപാടിയിലാണ് ഫലസ്തീന്‍ പോരാളിയെന്നു പറയുന്നയാള്‍ സംസാരിച്ചതെന്നും സാധാരണ ഗതിയില്‍ അനുമതി നല്‍കിയ പരിപാടിയാണെന്നും റെക്കോഡ് ചെയ്ത പ്രസംഗമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ, ജമാഅത്തെ ഇസ് ലാമി സാധാരണ രീതിയില്‍ ഒരു പൊതുയോഗത്തിന് അനുമതി ചോദിച്ചാല്‍, ഏത് സംഘടനയായാലും പോലിസ് കൊടുക്കാതിരിക്കില്ല. അങ്ങനെയുള്ള അനുമതിയാണ് ഇവിടെയുണ്ടായത്. രാജീവ് ചന്ദ്രശേഖരും അദ്ദേഹത്തിന്റെ കൂട്ടാളികളും രാജ്യത്ത് സ്വീകരിക്കുന്ന നിലപാട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങളും മറ്റുമായി പ്രകടനം നടത്തുമ്പോള്‍, അതിന്റെ ഭാഗമായി കേസെടുക്കാന്‍ പറ്റുമോയെന്നാണ് നോക്കുന്നത്. അവരെ കേസില്‍ കുടുക്കാന്‍ നോക്കുകയാണ്. അത് കേരളത്തില്‍ നടക്കില്ല. ഫലസ്തീന്റെ കൂടെയാണ് നമ്മുടെ രാജ്യം. അതെപ്പോഴും അങ്ങനെയായിരുന്നു. അതില്‍നിന്നാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. ആ ഒരു മാനസികാവസ്ഥ വച്ചാണ് ഇതിനെക്കുറിച്ച് പറയുന്നത്. സാധാരണയില്‍ കൂടുതലായി എന്തെങ്കിലും ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ നമുക്കതില്‍ ആശങ്കപ്പെടാനില്ല. കേരളം മതനിരപേക്ഷത നല്ല രീതിയില്‍ ഉള്ള നാടാണ്. എന്നെയോ സര്‍ക്കാരിനെയോ മുന്നണിയെയോ ഇകഴ്ത്താന്‍ വേണ്ടി കേരളത്തെയാകെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിലൊന്നും കേരളത്തില്‍ ഒരാശങ്കയും ഇല്ല. അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്ന ബോധവല്‍ക്കരണം യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ നല്‍കിയിരുന്നു. സാധാരണയയി എല്ലാ യോഗത്തിലും അത് ചെയ്യാറുണ്ടെന്നാണ് പറയുന്നത്. അതാണ് അപകടം കുറയാന്‍ കാരണമായതെന്ന് 30 ശതമാനം പൊള്ളലേറ്റ ഒരു സ്ത്രീ ഇന്ന് തന്നോടും മന്ത്രിമാരോടും പറഞ്ഞു. കളമശ്ശേരിയില്‍ പരിക്കേറ്റവരെ ഡോക്ടര്‍മാര്‍ അര്‍പ്പണ ബോധത്തോടെ പരിചരിക്കുന്നുണ്ട്. കേസില്‍ ഇതിനോടകം വ്യക്തമായ കാര്യങ്ങളുണ്ട്. കുറ്റമേറ്റ് മുന്നോട്ട് വന്ന മാര്‍ട്ടിന്‍ ഒരു വശത്തുണ്ട്. സംഭവത്തില്‍ മറ്റ് മാനങ്ങളും അന്വേഷിക്കുന്നുണ്ട്. ഡിജിപി ക്യാംപ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it