Sub Lead

'ആര്‍എസ്എസ് ബന്ധമുള്ളവരെ വിസിമാര്‍ ആക്കാന്‍ നീക്കം; ഗവര്‍ണറുടെ അജണ്ടക്ക് നിന്നുകൊടുക്കില്ലെന്ന് പിണറായി

ആര്‍എസ്എസ് ബന്ധമുള്ളവരെ വിസിമാര്‍ ആക്കാന്‍ നീക്കം; ഗവര്‍ണറുടെ അജണ്ടക്ക് നിന്നുകൊടുക്കില്ലെന്ന് പിണറായി
X

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണരുമായുള്ള തര്‍ക്കത്തിന്റെ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സര്‍വ്വകലാശാലകള്‍ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. ആര്‍എസ്എസ് ബന്ധമുള്ളവരെ വിസിമാര്‍ ആക്കാനാണ് ശ്രമം. കേരള സര്‍വ്വകലാശാലയില്‍ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവര്‍ണര്‍ ശ്രമിക്കുകയാണ്. പക്ഷേ ആര്‍എസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാന്‍ കേരളത്തിന് കഴിയില്ല''. നേരിടാന്‍ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവര്‍ണര്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. 'സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവര്‍ണര്‍ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയര്‍ന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂര്‍ വിസിയെ ഗവര്‍ണര്‍ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബ് വര്‍ഷങ്ങളായി ആര്‍എസ്എസ് നയങ്ങള്‍ക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രന്‍ രാജ്യത്തെ മികച്ച ചരിത്രകാരന്മാരില്‍ ഒരാളുമാണ്. കാവി വല്‍ക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രന്‍ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും ആര്‍എസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചത്''. അതാണ് ഗവര്‍ണറുടെയും എതിര്‍പ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it