Sub Lead

ഗറില്ലാ ആക്രമണം വ്യാപകമാവുന്നു; 5000 സൈനികരെ അധികമായി വിന്യസിച്ച് കൊളംബിയ

ഗറില്ലാ ആക്രമണം വ്യാപകമാവുന്നു; 5000 സൈനികരെ അധികമായി വിന്യസിച്ച് കൊളംബിയ
X

ബൊഗോട്ട: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ സായുധസമരം ശക്തമാക്കി ഇടതുപക്ഷ ഗറില്ലകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരത്തില്‍ അധികം പേര്‍ അഭയാര്‍ത്ഥികളായി. ഇതേതുടര്‍ന്ന് ഗറില്ലകളെ നേരിടാന്‍ 5,000 സൈനികരെ സര്‍ക്കാര്‍ അധികമായി വിന്യസിക്കുകയാണെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിലും പ്രസിഡന്റ് ഉത്തരവിട്ടു.

വിമോചന ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യന്‍ ഗറില്ലകളായ ഇഎല്‍എന്‍ എന്ന സംഘടനയെ നേരിടുമെന്നാണ് ഇടതുപക്ഷ പ്രസിഡന്റായ ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ വിമോചനപാതയുടെ വികാസമാണ് കൊളംബിയയിലെ സമരമെന്നാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഎല്‍എന്‍ വിശ്വസിക്കുന്നത്.


2016ല്‍ കൊളംബിയന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ച നടത്തി ആയുധം താഴെവെച്ച മാര്‍ക്‌സിസ്റ്റ് ഗറില്ലാ ഗ്രൂപ്പായ ഫാര്‍ക്കിലെ വിമതരെ ആമസോണ്‍ കാട്ടിലെ വെനുസ്വേലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു പുറത്താക്കാനാണ് ഇപ്പോഴത്തെ യുദ്ധമെന്നാണ് ഇഎല്‍എന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ഗറില്ലാ സംഘടനകളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍, നിരവധി തവണ ചര്‍ച്ചയ്ക്ക് വന്നെങ്കിലും ഇഎല്‍എന്‍ ആയുധം താഴെവെച്ചില്ല. ഗ്രാമീണമേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഭൂമി വിതരണം ചെയ്യണമെന്നുമാണ് ആവശ്യം.


ഇഎല്‍എന്‍

1964ല്‍ കൊളംബിയയുടെ ഗ്രാമീണമേഖലയില്‍ രൂപീകരിച്ച ഏറ്റവും ശക്തമായ ഗറില്ലാ സംഘടനകളാണ് ഫാര്‍ക്കും ഇഎല്‍എന്നും. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു പ്രദേശത്തെ അധികാരം പിടിച്ച ഫാര്‍ക്കിനെ യുഎസ് പിന്തുണയോടെയാണ് കൊളംബിയന്‍ ഭരണകൂടം തുരത്തിയത്.


ഫാര്‍ക് ഗറില്ലകള്‍

പിന്നീട് 2016ല്‍ സര്‍ക്കാരുമായി ഫാര്‍ക്ക് സമാധാന ചര്‍ച്ച നടത്തി. ഇതിന് ശേഷം ഫാര്‍ക്കിലെ ചില നേതാക്കള്‍ പുറത്തുപോയി വിമതസംഘടനയുണ്ടാക്കി പ്രവര്‍ത്തനം തുടരുന്നു. അതേസമയം, കൊളംബിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ സായുധഗ്രൂപ്പുകളും കൊളംബിയയില്‍ സജീവമാണ്. കൊളംബിയന്‍ ജന്മിമാരും വന്‍കിട ഫാം കമ്പനികളുമാണ് അവര്‍ക്ക് വേണ്ട സാമ്പത്തിക-ആയുധസഹായങ്ങള്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it