Sub Lead

'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം'; എസ് ഡിപിഐ സംസ്ഥാന വ്യാപക പ്രചാരണം നടത്തും

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം; എസ് ഡിപിഐ സംസ്ഥാന വ്യാപക പ്രചാരണം നടത്തും
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം: ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന തലക്കെട്ടില്‍ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ സംസ്ഥാന വ്യാപക പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണങ്ങളുടെ ഭാഗമായി മെയ് 20 മുതല്‍ 31 വരെ മണ്ഡലം തലങ്ങളില്‍ വിചാരണ സദസ്സ് സംഘടിപ്പിക്കും.

അടുത്ത അഞ്ചുവര്‍ഷം വിലക്കയറ്റമുണ്ടാവില്ല എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ സര്‍വ മേഖലകളിലും അമിത ഭാരം അടിച്ചേല്‍പ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെ അമിതമായി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. കെട്ടിട നികുതി, കെട്ടിട പെര്‍മിറ്റ് ഫീസ്, ഭൂ നികുതി ഉള്‍പ്പെടെ അന്യായമായി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിരക്ക് വര്‍ധനയ്ക്കു പുറമേ വൈദ്യുതിയ്ക്ക് സര്‍ചാര്‍ജും കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നു. അമിത ഇന്ധന വിലവര്‍ധനയോടൊപ്പം സര്‍ചാര്‍ജും കൂടി അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതയമായി വര്‍ധിച്ചിരിക്കുന്നു. യുവതലമുറയുടെയും ഉദ്യോഗാര്‍ഥികളുടെയും സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി പിഎസ് സി നിയമനം മരവിപ്പിച്ച് പിന്‍വാതില്‍ നിയമനവും കരാര്‍, താല്‍ക്കാലിക നിയമനങ്ങളും തുടരുകയാണ്. ഇതിലൂടെ ബന്ധുക്കളുടെയും പാര്‍ട്ടിക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലിമിറ്റഡ് കമ്പനിയായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നു. സര്‍വമേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണ്. ലൈഫ് ഫഌറ്റ് നിര്‍മാണം, സ്പ്രിംഗ്ലര്‍, സ്വര്‍ണ കള്ളക്കടത്ത്, മുട്ടില്‍ മരം മുറി, നിര്‍മാണ മേഖലയില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരിലുള്ള അനധികൃത കരാറുകള്‍, താനൂര്‍ ബോട്ടപകടം: മന്ത്രി വി അബ്ദുര്‍ റഹ്മാന്റെ ഇടപെടല്‍, ദുരിതാശ്വാസ നിധി വകമാറ്റല്‍, ആഴക്കടല്‍ മല്‍സ്യ ബന്ധനം, ബന്ധു നിയമനങ്ങള്‍, എ ഐ കാമറ തുടങ്ങി അഴിമതിയുടെ കൈയൊപ്പ് ഇല്ലാത്ത ഒരു പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. കൊവിഡിന്റെ മറവില്‍ മെഡിക്കല്‍ കോര്‍പറേഷന്‍ വഴി മാസ്‌കും പ്രതിരോധ സാമഗ്രികളും വാങ്ങിയതില്‍ കോടികളുടെ അഴിമതികളാണ് നടന്നത്. അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും ആണെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് തെളിവുകള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം സര്‍വകാല റെക്കോഡിലെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധതയെ മറച്ചുപിടിച്ച് വികസന വായ്ത്താരി പാടി ജനങ്ങളെ കബളിപ്പിക്കാന്‍ കോടികളാണ് ധൂര്‍ത്തടിക്കുന്നത്. ലഹരി മാഫിയകളും ഗുണ്ടകളും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഏറ്റെടുത്തിരിക്കുന്നു. ഡോക്ടര്‍മാരുടെ ജീവനുപോലും രക്ഷയില്ലാതായിരിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനും ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനും സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പോലും ഇടതു സര്‍ക്കാര്‍ തയ്യാറാവുകയാണെന്നും പി അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ പ്രതിയായ കൊടകര കള്ളപ്പണ കേസും, മഞ്ചേശ്വരം, സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസും അട്ടിമറിച്ചത് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it