Sub Lead

മലപ്പുറത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
X

മലപ്പുറം: ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തിയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വേങ്ങര കൂരിയാട് സ്വദേശി 63കാരനും ചെമ്മാട് ബൈപാസ് സ്വദേശി 33 കാരനുമാണ് വൈറസ് ബാധ. ഇരുവരും ഒരേ സംഘത്തിലുള്ളവരായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം 13 ആയി.

ഫെബ്രുവരി നാലിനാണ് 14 അംഗ സംഘം വീടുകളില്‍ നിന്ന് പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്കു ശേഷം കോഴിക്കോട് നിന്ന് അമൃത്‌സര്‍ എക്‌സ്പ്രസില്‍ നിസാമുദ്ദീനിലേക്ക് യാത്ര തിരിച്ചു. ഫെബ്രുവരി ഏഴിന് നിസാമുദ്ദീനിലെത്തി മര്‍കസിനു സമീപത്തെ പള്ളിയില്‍ താമസിച്ചു. ഫെബ്രുവരി ഒമ്പതിന് ബനാറസിലേക്ക് യാത്രയായി. അവിടെനിന്ന് രണ്ടുപേര്‍ നാട്ടിലേക്ക് മടങ്ങി. ബാക്കി 12 അംഗ സംഘം മാര്‍ച്ച് 10 വരെ അവിടെ താമസിച്ചു. മാര്‍ച്ച് 11ന് നിസാമുദ്ദീനില്‍ തിരിച്ചെത്തി മര്‍കസില്‍ താമസമാക്കി. 11നും 12നുമുള്ള സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 13ന് 12217 നമ്പര്‍ കേരള സമ്പര്‍ക്ക് ക്രാന്തി തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ യാത്ര ആരംഭിച്ച് മാര്‍ച്ച് 15ന് കോഴിക്കോടെത്തി.

കോഴിക്കോട് നിന്ന് സംഘത്തിലെ രണ്ടുപേര്‍ വീടുകളിലേക്കു മടങ്ങി. 10 പേര്‍ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയില്‍ രാവിലെ 7.40ന് പരപ്പനങ്ങാടിയിലെത്തി. അവിടെ നിന്ന് ക്രൂയിസര്‍ വാഹനത്തില്‍ മലപ്പുറത്തേക്ക് വന്നു. രാവിലെ ഒമ്പതിനെത്തിയ സംഘം നഗരത്തിലെ മസ്ജിദുല്‍ ഹുദാ പള്ളിയില്‍ തങ്ങി. 16ന് രാവിലെ 10ന് സ്വകാര്യ ബസുകളില്‍ വീടുകളിലേക്കു മടങ്ങി. ചെമ്മാട് സ്വദേശിയും വേങ്ങര കൂരിയാട് സ്വദേശിയും വെവ്വേറെ ബസുകളിലാണ് വീട്ടിലേക്കു പോയത്.

വീട്ടിലെത്തിയ ഇരുവരും വീട്ടുകാരുമായും നാട്ടിലും അടുത്ത് ഇടപഴകിയിട്ടുണ്ട്. വേങ്ങര കൂരിയാട് സ്വദേശി കൂരിയാട് മണ്ണില്‍ പിലാക്കല്‍ കുന്നുമ്മല്‍ പള്ളിയിലും ചെമ്മാട് മസ്ജിദിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ചെമ്മാട് സ്വദേശി ചെമ്മാട് കോഴിക്കോട് റോഡിലെ മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി ആരോഗ്യ വകുപ്പും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ഏപ്രില്‍ നാലിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് ഇവരുടെ സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പരിശോധനാ ഫലം ലഭിച്ചതോടെ വൈറസ് ബാധയുള്ള വേങ്ങര കൂരിയാട് സ്വദേശിയേയും ഭാര്യ, മൂന്ന് മക്കള്‍, മൂന്ന് മരുമക്കള്‍, മൂന്ന് പേരമക്കള്‍ എന്നിവരേയും ചെമ്മാട് സ്വദേശിയായ വൈറസ് ബാധിതന്‍, മാതാവ്, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്തിടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളോ രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍: 0483 2737858, 2737857, 2733251, 2733252, 2733253.



Next Story

RELATED STORIES

Share it