Sub Lead

കുവൈത്തില്‍ മലയാളികള്‍ക്കിടയിലും കൊറോണ വ്യാപിക്കുന്നു

വിവിധ പ്രദേശങ്ങളില്‍ നിന്നായി ചുരുങ്ങിയത് 20 മലയാളികളെങ്കിലും കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതായി വ്യക്തമായി.

കുവൈത്തില്‍ മലയാളികള്‍ക്കിടയിലും കൊറോണ വ്യാപിക്കുന്നു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ മലയാളികള്‍ക്കിടയിലും വ്യാപകമാവുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി മലയാളികള്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് അബ്ബാസിയയില്‍ റാന്നി സ്വദേശിയായ ഒരു നഴ്‌സിനു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണു രോഗ ബാധിതരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സ്ഥിരീകരണം ലഭിച്ചത്.

ഇതിനു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവിനും രോഗ ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ചുരുങ്ങിയത് 20 മലയാളികളെങ്കിലും കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതായി വ്യക്തമായി.

നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് അബ്ബാസിയയില്‍ നിന്ന് മാത്രമായി ഇതിനകം 6 മലയയാളികളാണു രോഗ ബാധയേറ്റ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. മഹബൂല പ്രദേശത്ത് നിന്നുള്ള രണ്ട് മലയാളികള്‍ക്കും രോഗ ബാധയേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മംഗഫ് പ്രദേശത്തു നിന്നും ഇപ്പോള്‍ രോഗ ബാധയേല്‍ക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

രണ്ടു ദിവസം മുമ്പ് ചാലക്കുടി സ്വദേശിയായ മലയാളി വീട്ടമ്മക്ക് രോഗ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇവരുടെ 10 വയസ്സുകാരിയായ മകള്‍ക്കും പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാണു പുറത്ത് വന്നത്. ഇരുവരും ഇപ്പോള്‍ ജാബിര്‍ ആശുപത്രിയിലാണു ചികില്‍സയില്‍ കഴിയുന്നത്. മംഗഫ് ബ്ലോക്ക് 3 , സ്ട്രീറ്റ് 26 ല്‍ താമസിക്കുന്ന എണ്ണ മേഖലയില്‍ ജോയിന്റ് ഓപറേഷന്‍ പദ്ധതിയിലെ എന്‍ജിനീയറായ കോഴിക്കോട് സ്വദേശിക്കും ഭാര്യക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണു. ഇവരുടെ രണ്ടു കുട്ടികള്‍ക്ക് പരിശോധനയില്‍ രോഗ ബാധ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഇവരുടെ കുടുംബ സുഹൃത്തുക്കളായ മൂന്നു മലയാളികളും രോഗ ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയാണു. ഈ കെട്ടിടത്തിലെ ഭൂരിഭാഗം താമസക്കാരും മലയാളികളാണു.

സാല്‍മിയ ബ്ലോക്ക് 12 ല്‍ താമസിക്കുന്ന കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിക്കും ഭാര്യക്കും മകള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ചികില്‍സയിലാണു. ഇദ്ദേഹത്തിന്റെ സ്ഥാപന മേധാവിയില്‍ നിന്നാണു ഇദ്ദേഹത്തിനു രോഗം പടര്‍ന്നത്. കോഴിക്കോട് തിക്കോടി , സ്വദേശികളായ രണ്ടു പേര്‍ക്കും രോഗ ബാധ സ്ഥിരീകരിചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ മതകാര്യ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ്. ഷര്‍ഖ് സെവാബിര്‍ കോംപ്ലക്‌സിനു പിറകിലുള്ള കെട്ടിടത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഹവല്ലിയിലാണു രോഗ ബാധിതനായ രണ്ടാമത്തെ വ്യക്തിയുടെ റൂം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഷര്‍ഖ് ദസ്മാന്‍ റൗണ്‍ എബൗട്ടിന് സമീപത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന പാലക്കാട് ചെര്‍പ്പുളശേരി പരിയാനമ്പറ്റ സ്വദേശി 50 കാരിയായ സ്ത്രീക്കും കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചു. ഒരു സലൂണിലെ ജീവനക്കാരിയായ ഇവരൊടൊപ്പം മറ്റൊരു മലയാളി യുവതിയാണു താമസിക്കുന്നത്. അമീരി ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

ഫര്‍വ്വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 91 ല്‍ ലെ കെട്ടിടത്തില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവിനും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഫര്‍വ്വാനിയ ആശുപത്രിയില്‍ എക്‌സ് റെ ടെക്‌നിഷ്യനാണ് ഇദ്ദേഹം. ഇതിനു പുറമേ ജിലീബ് , കുവൈത്ത് സിറ്റി , സാല്‍മിയ , അബു ഹലീഫ, മഹബൂല എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി മലയാളികള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രാജ്യത്ത് ഇന്നലെ വരെ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 1300പേരില്‍ 724 പേരും ഇന്ത്യക്കാരാണ്. ഇവരില്‍ 75 ഓളം പേരുടെ രോഗ ബാധയുടെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത്‌കൊണ്ട് തന്നെ വര്‍ദ്ധിച്ച തോതിലുള്ള സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യതയും ഏറെയാണ്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ജിലീബ്, മഹബൂല പ്രദേശങ്ങളില്‍ നടക്കുന്ന ഭക്ഷ്യ വിതരണ സംവിധാനവും രോഗ ബാധ വ്യാപകമായി പടരുന്നതിന് കാരണമാകുമെന്ന ആശങ്കയും പലരും പങ്കു വെക്കുന്നു. അതിനിടെ രോഗ ബാധയേറ്റവരെ ചികില്‍സിക്കുന്ന ജാബിര്‍ ആശുപത്രിയില്‍ സ്ഥലപരിമിതി മൂലം മിഷ്രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ പുതിയ ചികില്‍സാ കേന്ദ്രം തയ്യാറാക്കിയിരിക്കുകയാണ്. പുതുതായി രോഗ ബാധ സ്ഥിരീകരിക്കപ്പെടുന്ന വിദേശികള്‍ക്ക് ഇവിടെയാണ് ചികില്‍സ ലഭ്യമാക്കുന്നത്.

നിലവില്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദേശികളായ മുഴുവന്‍ രോഗികളേയും ഇവിടേക്ക് മാറ്റുവാനും ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കിയതായി അറിയുന്നു. വിദേശത്ത് നിന്നും വരും ദിവസങ്ങളില്‍ ഒഴിപ്പിച്ചു കൊണ്ടു വരുന്ന സ്വദേശികളായ രോഗികള്‍ക്ക് മാത്രം ജാബിര്‍ ആശുപത്രിയിലെ ചികില്‍സ പരിമിതപ്പെടുത്തുവാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it