Sub Lead

ജുമുഅ മുടങ്ങി; നൊമ്പരം ഉള്ളിലൊതുക്കി വിശ്വാസികള്‍

അടിയന്തരാവസ്ഥയാണ് പ്രായമുള്ളവരുടെ ഓര്‍മയിലുള്ള പോലിസ് നിയന്ത്രണ കാലം. അന്നും പക്ഷേ,പള്ളികള്‍ അടഞ്ഞിരുന്നില്ല.

ജുമുഅ മുടങ്ങി; നൊമ്പരം ഉള്ളിലൊതുക്കി വിശ്വാസികള്‍
X

പിസി അബ്ദുല്ല

കോഴിക്കോട്: ഇങ്ങനെയൊരു കാലം ഇതാദ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ജുമുഅ പ്രാര്‍ഥന മുടങ്ങിയ ആദ്യ വെള്ളിയാഴ്ചയാണിന്ന്. വിജനമായ മസ്ജിദുകള്‍ നോക്കി വിശ്വാസികള്‍ നെടുവീര്‍പ്പിടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച ടൗണുകളിലെ ചില പള്ളിക്കളിലും സലഫി മസ്ജിദുകളിലും ജുമുഅ ഉണ്ടായിരുന്നില്ല. എന്നാല്‍, കൊവിഡ്19 നടപടികള്‍ കര്‍ശനമല്ലാതിരുന്നതിനാല്‍ ഭൂരിഭാഗം സുന്നി മസ്ജിദുകളിലും ആളുകളെ നിയന്ത്രിച്ച് ജുമുഅ നടത്തിയിരുന്നു. ഞായറാഴ്ച ജനതാ കര്‍ഫ്യൂ വന്നതോടെ മസ്ജിദുകളെല്ലാം അടഞ്ഞു. നിലവില്‍,മറ്റു പ്രാര്‍ഥനകളുമില്ല. സര്‍ക്കാര്‍ ശനിയന്ത്രണങ്ങള്‍ തീരുന്നതു വരെ ജുമുഅയടക്കം നിര്‍ത്തി വയ്ക്കണമെന്നും വ്വിശ്വാസികള്‍ പള്ളികളിലേക്ക് പോവരുതെന്നും പണ്ഡിത സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച സ്വന്തം വീടുകളില്‍ നിന്ന് ജമാഅത്തായി ളുഹര്‍ നമസ്‌കരിക്കാനാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയ നേതാക്കള്‍ ആഹ്വാനം ചെയ്തത്.

സര്‍ക്കാര്‍,പോലിസ് നിയന്ത്രണങ്ങള്‍ മാനിച്ച് വിശ്വാസികള്‍ പള്ളികളിലേക്ക് പോവുന്നില്ല. എങ്കിലും, പ്രായമായവരടക്കം പള്ളികളില്‍ പോവാനാവാത്തതില്‍ അതീവ ദുഖിതരാണ്.

അടിയന്തരാവസ്ഥയാണ് പ്രായമുള്ളവരുടെ ഓര്‍മയിലുള്ള പോലിസ് നിയന്ത്രണ കാലം. അന്നും പക്ഷേ,പള്ളികള്‍ അടഞ്ഞിരുന്നില്ല.

വിശുദ്ധ റമദാനു മുന്നോടിയായി കൂടുതല്‍ സജീവമാവേണ്ട കാലത്ത് മസ്ജിദുകള്‍ അടഞ്ഞു പോയതാണ് വിശ്വാസികളെ കൂടുതല്‍ ദുഖത്തിലാഴ്ത്തിയത്. റമദാന്‍ സമാഗതമാവാന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.മസ്ജിദുകള്‍ പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ശഅ്ബാനിന്റെ ആദ്യ ദിനങ്ങളെത്തി.

കൊവിഡിന്റെ ഭീതിയൊഴിയാത്ത സാഹചര്യത്തില്‍ റമദാനും ഇത്തവണ വിശ്വാസികള്‍ക്ക് കണ്ണീരനുഭവമാവാനാണു സാധ്യത. ഏപ്രില്‍ 24നോ 25 നോ റമദാന്‍ വൃതം ആരംഭിക്കും. നിലവില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സമ്പൂര്‍ണ നിയന്ത്രണം ഏപ്രില്‍ 15 വരെയാണ്. അത് രണ്ടാഴ്ച കൂടി നീളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങിനെ വരുമ്പോള്‍ വിശുദ്ധ മാസത്തിലും ഇത്തവണ വ്വിശ്വാസികള്‍ക്ക് പള്ളികള്‍ അന്യമാവും. തറാവീഹ് അടക്കമുള്ള സവിശേഷ പ്രാര്‍ഥനകളും വീടുകളിലൊതുങ്ങും.

Next Story

RELATED STORIES

Share it