Sub Lead

കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം
X

പെരിന്തല്‍മണ്ണ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കൊവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തേ കാസര്‍കോഡും, മലപ്പുറത്തും ഇത്തരത്തില്‍ കൊവിഡ് ബാധിതര്‍ 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചിരുന്നു. തക്ക സമയത്ത് ഇടപെട്ട് വിദഗ്ധ ചികില്‍സ നല്‍കി അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സിലെ ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഞായാറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റായ യുവതിയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തി. ഉടന്‍ യുവതിയെ വിദഗ്ധ ചികില്‍സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ഏലംകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആര്‍ വിനീത്, പൈലറ്റ് സി പി മനു മോഹന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. തുടര്‍ന്ന് വിനീത് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി അതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 9 മണിയോടെ വിനീതിന്റെ പരിചരണത്തില്‍ യുവതി ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Covid victim gives birth in Kaniv 108 ambulance

Next Story

RELATED STORIES

Share it