Sub Lead

ഇടത് എംഎല്‍എയെന്ന പരിഗണന നല്‍കേണ്ട; പി വി അന്‍വറിനെതിരേ കടുത്ത നടപടിക്ക് സിപിഎം

ഇടത് എംഎല്‍എയെന്ന പരിഗണന നല്‍കേണ്ട;   പി വി അന്‍വറിനെതിരേ കടുത്ത നടപടിക്ക് സിപിഎം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ക്കു പിന്നാലെ പി വി അന്‍വറിനെതിരെ കടുത്ത നടപടിക്ക് സിപിഎം. അന്‍വറിനെതിരെ പ്രതിരോധമൊരുക്കാനാണ് പാര്‍ട്ടി നീക്കം. ഇടത് എംഎല്‍എ എന്ന പരിഗണനയോ പരിവേഷമോ നല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും അദ്ദേഹത്തെ മാറ്റിയേക്കും. അന്‍വറിന് പാര്‍ട്ടി മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അന്‍വര്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയ സൂര്യശോഭ അന്‍വറിന് കെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറുമായി ഇനി ഒരുവിധത്തിലും ഒത്തുപോവേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. എന്നാല്‍, എംഎല്‍എ പദവിയില്‍ നിന്ന് മാറ്റാനോ അച്ചടക്ക നടപടിയെടുക്കാനോ സിപിഎമ്മിനാകില്ല. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഡല്‍ഹിയിലാണുള്ളത്. മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കാനായി ഇന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അന്‍വറിന്റെ ആരോപണങ്ങളില്‍ ഇവരില്‍ ആരെങ്കിലും പ്രതികരിച്ചേക്കുമെന്നാണ് സൂചന. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് അന്‍വറിനെ ഉടന്‍ മാറ്റിനിര്‍ത്തും. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പി വി അന്‍വര്‍ ആഞ്ഞടിച്ചത്. പിണറായിക്കും കുടുംബത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരേ പ്രതിപക്ഷത്തേക്കാള്‍ വര്‍ധിത വീര്യത്തോടെയാണ് കടന്നാക്രമിച്ചത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും റിയാസിനു വേണ്ടിയാണോ പാര്‍ട്ടിയെന്നും അന്‍വര്‍ ചോദിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അന്‍വറിനുണ്ടാവില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ പാര്‍ലമിന്ററി പാര്‍ട്ടിയിലും അന്‍വറിന്റെ സാന്നിധ്യം ഉണ്ടാവില്ല. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുള്ളതിനാല്‍ മറ്റു വഴികളിലൂടെയെല്ലാം സിപിഎം അന്‍വറിനെതിരേ പ്രതിരോധം തീര്‍ക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it