Big stories

ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; മരണം 200 കടന്നു, മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

'റായ്' ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ നാശം വിതച്ചത്. 239 പേര്‍ക്ക് പരിക്കേല്‍ക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി പോലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; മരണം 200 കടന്നു, മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു
X

മനില: ഫിലിപ്പൈന്‍സില്‍ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 208 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പോലിസിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫിലിപ്പൈന്‍സിനെ വിറപ്പിച്ചത്. 'റായ്' ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ നാശം വിതച്ചത്. 239 പേര്‍ക്ക് പരിക്കേല്‍ക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി പോലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ശക്തിയോടെ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. വീടുകളും റിസോര്‍ട്ടുകളും ഉപേക്ഷിച്ച് ആളുകള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആര്‍ച്ചിപെലേഗോ മേഖലയിലാണ് റായ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര ദ്വീപായ സിയാര്‍ഗോയില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയിലാണ് റായ് ആഞ്ഞടിച്ചത്. ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയ നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

തൊട്ടടുത്തുള്ള ദ്വീപായ ദിനഗാട്ടില്‍ ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണമായും നിലം പതിച്ച അവസ്ഥയിലാണ്. കാറ്റില്‍ കടലാസ് പറക്കുന്നതിന് സമാനമായാണ് വീടുകളുടെ മേല്‍ക്കൂരകളും പറന്നുപോവുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകി വീണു. കോണ്‍ക്രീറ്റ് വൈദ്യുത തൂണുകള്‍ തകര്‍ത്തു. തടികൊണ്ടുള്ള വീടുകളും നാമാവശേഷമായി.

വീടുകള്‍, ആശുപത്രികള്‍, സ്‌കൂള്‍, കമ്മ്യൂണിറ്റി കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു- റെഡ് ക്രോസ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ഗോര്‍ഡന്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിനോടൊപ്പം ശക്തി പ്രാപിക്കുന്ന മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോലിസ്, സൈന്യം, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിശമന സേന എന്നീ വിഭാഗങ്ങളില്‍നിന്ന് 18,000 പേര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it