Sub Lead

'' ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും കൊന്നതില്‍ പശ്ചാത്താപമുണ്ട്; സമൂഹത്തെ സേവിക്കണം''-ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ധാരാ സിങ് സുപ്രിംകോടതിയില്‍; ധാരാ സിങിന് വേണ്ടി ഹാജരാവുന്നത് മസ്ജിദുകള്‍ പൊളിക്കാന്‍ ഹരജികള്‍ നല്‍കിയ അഭിഭാഷകര്‍

 ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും കൊന്നതില്‍ പശ്ചാത്താപമുണ്ട്; സമൂഹത്തെ സേവിക്കണം-ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ധാരാ സിങ് സുപ്രിംകോടതിയില്‍; ധാരാ സിങിന് വേണ്ടി ഹാജരാവുന്നത് മസ്ജിദുകള്‍ പൊളിക്കാന്‍ ഹരജികള്‍ നല്‍കിയ അഭിഭാഷകര്‍
X

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയായ ഹിന്ദുത്വ നേതാവ് ധാരാ സിങ് ശിക്ഷാ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചു. 1999ലെ കൊലപാതകത്തില്‍ തന്നെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്നും താന്‍ 24 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും തുറന്നുവിടണമെന്നുമാണ് ധാരാ സിങിന്റെ(61) ആവശ്യം. ധാരാ സിങിന്റെ ആവശ്യത്തില്‍ ഒന്നര മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിന് ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.

താന്‍ കര്‍മ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ മുറിവുകള്‍ ഉണക്കാന്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ധാരാസിങിന്റെ ഹരജി പറയുന്നു. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്്, മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കം നിരവധി പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ വ്യക്തിപരമായി ഹരജികളും അന്യായങ്ങളും നല്‍കിയിട്ടുള്ള അഡ്വ.ഹരി ശങ്കര്‍ ജെയ്‌നും അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്‌നുമാണ് ധാരാ സിങിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവുന്നത്.

''രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത അതിക്രമങ്ങള്‍ അംഗീകരിക്കുകയും അഗാധമായി ഖേദിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ക്രൂരമായ ചരിത്രത്തോടുള്ള ആവേശഭരിതമായ പ്രതികരണങ്ങളാല്‍ ഉത്തേജിതനായ യുവത്വത്തിന്റെ ആവേശത്തില്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പരിഷ്‌കൃതനായ വ്യക്തിയായി സമൂഹത്തിലേക്ക് മടങ്ങാനും സമൂഹത്തെ സേവിക്കാനും ജയിലില്‍ നിന്ന് വിട്ടയക്കണം'' -ഹരജി പറയുന്നു.

1999 ജനുവരി 22നാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ധാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘം ഗ്രഹാം സ്‌റ്റെയിന്‍സും ആണ്‍മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ടത്. 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷ വിധിച്ചു. 2005ല്‍ ഒഡീഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. തെളിവുകളുടെ അഭാവത്തില്‍ മറ്റ് 11 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഹൈക്കോടതി വിധി 2011ല്‍ സുപ്രിംകോടതി ശരിവച്ചു.

ക്രിസ്ത്യന്‍ പാതിരിയായ ഓല്‍ ദോസിനെയും കന്നുകാലി കച്ചവടക്കാരനായ റഹ്മാനെയും കൊലപ്പെടുത്തിയ കേസിലും രവീന്ദ്ര പാല്‍ സിങ് എന്ന ധാരാ സിങ് പ്രതിയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സ് കേസില്‍ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ പലരും ബജ്‌റംഗ് ദളുമായി ബന്ധപ്പെട്ടവരായിരുന്നു. 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗി, സ്‌റ്റെയിന്‍സ് കുടുംബത്തിന്റെ കൊലപാതക സമയത്ത് ബജ്‌റംഗ് ദളിന്റെ ഒഡീഷ കണ്‍വീനറായിരുന്നു.

സ്റ്റെയിന്‍സ് കുടുംബത്തിന്റെ കൊലപാതകത്തില്‍ ദുഖമില്ലെന്നാണ് 2000ല്‍ ബാരിപാഡ ജയിലില്‍ കിടന്ന് ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ധാരാ സിങ് പറഞ്ഞത്. ''എനിക്ക് ഖേദമില്ല. ഞാന്‍ ഒരിക്കലും ഖേദിക്കില്ല.....ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ കരയുന്നില്ല. മറ്റുള്ളവര്‍ മരിക്കുമ്പോള്‍ നമ്മള്‍ എന്തിന് കരയണം? സംഭവിച്ചത് ശരിയാണ്. സംഭവിക്കുന്നതും ശരിയാകും. ജയിലില്‍ നിന്നിറങ്ങിയാല്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിലേക്ക് മടങ്ങും. പശുക്കശാപ്പ്, മതപരിവര്‍ത്തനം എന്നിവയെ എതിര്‍ക്കും.''- ധാരാ സിങ് പറഞ്ഞു.

ഹിന്ദുത്വ ചാനലായ സുദര്‍ശന്‍ ന്യൂസിന്റെ മേധാവിയായ സുരേഷ് ചവാങ്കെ 2022 സെപ്റ്റംബറില്‍ ധാരാ സിങിനെ കാണാന്‍ ജയിലില്‍ പോയി. എന്നാല്‍, ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് ജയിലിനു മുന്നില്‍ സുരേഷ് ചവാങ്കെ പ്രതിഷേധിച്ചു. ഈ പ്രതിഷേധത്തില്‍ ബിജെപി നേതാവും ഭാവി ഒഡീഷ മുഖ്യമന്ത്രിയുമായ മോഹന്‍ ചരണ്‍ മാജിയും പങ്കെടുത്തു. '' നമ്മുടെ സൈനികരെ കൊന്ന നിരവധി പേരെ വിട്ടയച്ചിട്ടുണ്ട്.... ധാരാ സിങിനെപ്പോലുള്ള ഒരാളെ എന്തുകൊണ്ട് വിട്ടയച്ചുകൂടാ?'''- മാജി ചോദിച്ചു. മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്.

മോഹന്‍ ചരണ്‍ മാജിക്ക് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും അദ്ദേഹം ധാരാ സിങിന്റെ മോചനം എളുപ്പമാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അമിയ പാണ്ഡവ് പറഞ്ഞു.

Next Story

RELATED STORIES

Share it