Sub Lead

ശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി നിലവറ അടച്ച് സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി

സര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും,സര്‍വേ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്

ശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി നിലവറ അടച്ച് സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി
X

വരാണസി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ നിലവറ അടച്ച് സീല്‍ വയ്ക്കാന്‍ ജില്ലാ സിവില്‍ കോടതിയുടെ ഉത്തരവ്. സര്‍വേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ പള്ളി നിലവറയില്‍ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവറയ്ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും,പള്ളിയുടെ ഈ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ പേരെ നമസ്‌കാരം നടത്താന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.നാളെ റിപോര്‍ട്ട് പരിഗണിച്ച ശേഷം കോടതി തുടര്‍ നടപടി തീരുമാനിക്കും.

ഇന്ന് സര്‍വേ പൂര്‍ത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.ഇതിനിടെ സര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും. സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.

ഗ്യാന്‍വാപി പള്ളി പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സര്‍വേ തുടരാന്‍ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. സര്‍വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയായിരുന്നു വാരാണസി കോടതിയുടെ നിര്‍ദേശം. രണ്ട് കമ്മീഷണര്‍മാരെ കൂടി നിയമിക്കുകയും സര്‍വേക്ക് സംരക്ഷണം നല്‍കാന്‍ യുപി പോലിസിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് തര്‍ക്കത്തിലുള്ള കെട്ടിടത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയത്.ഗ്യാന്‍വാപി പരിസരത്ത് ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനായ വിഷ്ണു ജെയിന്‍ അറിയിക്കുകയായിരുന്നു.ഏകദേശം 1,500 സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് പ്രതിനിധി സംഘം സര്‍വേ നടത്തിയത്. സര്‍വേ നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗോഡോലിയ മുതല്‍ മൈദാഗിന്‍ വരെയുള്ള എല്ലാ കടകളും അടച്ചിട്ടു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലെ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ അഞ്ച് സ്ത്രീകളാണ് ഹരജി നല്‍കിയത്.ശ്രിംഗാര്‍ ഗൗരി, ഗണേശ വിഗ്രഹങ്ങളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. ഇവിടെ കൂടുതല്‍ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശിലെ വരാണസി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഗ്യാന്‍വാപി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അഞ്ജുമാന്‍ ഇന്‍തസാമിയ മസാജിദ്(എഐഎം) ആണ് പള്ളിയുടെ അധികാരികള്‍. മൂന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറാണ് പള്ളിക്കു ശിലയിട്ടതെന്നാണു ചരിത്രം പറയുന്നത്.

Next Story

RELATED STORIES

Share it