Sub Lead

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം കേന്ദ്രത്തിന്റെ പരിഗണനയില്‍

ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എന്‍ കെ അറോറ അറിയിച്ചു

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം കേന്ദ്രത്തിന്റെ പരിഗണനയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഗുരുതര രോഗികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച് കേന്ദ്ര നയം പത്ത് ദിവസത്തിനകം പുറത്തിറക്കും. വിദേശ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയതിനാലാണ് ഇന്ത്യയും ഇക്കാര്യം ആലോചിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എന്‍ കെ അറോറ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന് ശേഷം മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെ ആണ് അറോറയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം വരും മുമ്പ് ആരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ മുഴുവന്‍ പേര്‍ക്കും നല്‍കുന്നതിനാണ് മുന്‍ഗണന.

ആരോഗ്യ മന്ത്രി മാന്‍സുഖ് മാണ്ഡവിയയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം ഡോസ് വാക്‌സിന് ശേഷം ആറുമാസത്തിനകം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഗുളിക രൂപത്തിലുള്ള കൊവിഡ് മരുന്നിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് സിഎസ്‌ഐആര്‍ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. റാം വിശ്വകര്‍മ്മ അറിയിച്ചു.കോവാക്‌സിന്റെ ഫലപ്രാപ്തി ഉയര്‍ന്നതാണെന്ന പുതിയ ഗവേഷണ ഫലവും പുറത്തുവന്നിട്ടുണ്ട്. കോവാക്‌സിന്‍ 77 ശതമാനം ഫലപ്രദമാണെന്നും കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്നും അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. തദ്ദേശീയ മായി വികസിപ്പിച്ചതായതിനാല്‍ കോവാക്‌സിന്‍ സ്വീകരിക്കാന്‍ പലരും മടിച്ചു നിന്നിരുന്നു.

Next Story

RELATED STORIES

Share it