Sub Lead

നേപാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി പദവിയിലേക്ക്; സത്യപ്രതിജ്ഞ തിങ്കളാഴ്ച

നേപാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി പദവിയിലേക്ക്; സത്യപ്രതിജ്ഞ തിങ്കളാഴ്ച
X

കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പുഷ്പ കമല്‍ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപാള്‍ പ്രധാനമന്ത്രിയാവുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് രാഷ്ട്രപതിയുടെ ഓഫിസിലാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ.

നേപാളി കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍ നേതാവ് പുഷ്പ കമല്‍ 'പ്രചണ്ഡ' ദഹല്‍. പ്രതിപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റിനൊപ്പം (യുഎംഎല്‍) ചേര്‍ന്ന് ഭരിക്കുമെന്നും അഞ്ച് വര്‍ഷ കാലയളവിലെ ആദ്യ രണ്ടര വര്‍ഷം പ്രധാനമന്ത്രി പദവി കൈയാളുമെന്നും പ്രചണ്ഡ അറിയിച്ചു. 2025 വരെ സ്ഥാനത്ത് തുടരുമെന്നും അതിന് ശേഷം യുഎംഎല്ലിന് പ്രധാനമന്ത്രി പദവി കൈമാറുമെന്നും പ്രചണ്ഡ വ്യക്തമാക്കി.

പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് പുഷ്പ കമല്‍ ധഹല്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കണമെന്ന ആവശ്യം നേപാളി കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദുബെ പരിഗണിക്കാത്തതിനാലാണ് പ്രചണ്ഡ കൂടുമാറ്റം നടത്തിയത്. നേപാളി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പ്രചണ്ഡ അപ്രതീക്ഷിതമായിയാണ് മറുപക്ഷത്തിനൊപ്പം ചേരുന്നത്.

275 അംഗ ജനപ്രതിനിധി സഭയില്‍ 78 സീറ്റുള്ള യുഎംഎല്ലുമായി 32 സീറ്റുള്ള പ്രചണ്ടയുടെ സിപിഎന്‍- എം ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 135 സീറ്റ് സഖ്യത്തിന് കടക്കാനാവും. നേപാളി കോണ്‍ഗ്രസ് 89 സീറ്റുമായി പ്രതിപക്ഷത്തെ മുഖ്യകക്ഷിയാവും. പ്രചണ്ഡയെ പ്രധാനമന്ത്രിയായി നിയമിക്കുന്ന ഉത്തരവ് പ്രസിഡന്റ് ബിന്ധ്യാ ദേവി ഭണ്ഡാരി പുറപ്പെടുവിച്ചതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഉരുക്ക് മുഷ്ടി നയങ്ങളുള്ള നേതാവ് എന്ന അര്‍ഥത്തിലാണ് അണികള്‍ പുഷ്പ കമല്‍ ദഹലിന് പ്രചണ്ഡ എന്ന വിളിപ്പേര് നല്‍കിയത്.

2016 ആഗസ്ത് 2017 ജൂണ്‍ കാലഘട്ടത്തില്‍ പ്രധാനമന്ത്രി പദവി വഹിച്ച വ്യക്തിയാണ് പ്രചണ്ഡ. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സിപിഎന്‍ മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോവാദി രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേപാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നേരത്തെ പ്രചണ്ഡ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it