Sub Lead

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ്: മുന്‍ പ്രവാസിയുടെ ആറ് കോടി തട്ടിയെന്ന് പരാതി

പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ്: മുന്‍ പ്രവാസിയുടെ ആറ് കോടി തട്ടിയെന്ന് പരാതി
X

തിരുവനന്തപുരം: വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്പിലൂടെ മുന്‍ പ്രവാസിയുടെ ആറു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ക്കുകയും ചെയ്തതിന് ശേഷം പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ലാഭത്തിന്റെ വ്യാജകണക്കുകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വിശ്വസിച്ച മുന്‍ പ്രവാസി കൂടുതല്‍ തുക നിക്ഷേപിക്കുകയും ചെയ്തു.

ഒരു ദിവസം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നി സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ദീര്‍ഘകാലം വിദേശത്ത് ഐടി മേഖലയില്‍ ജോലി നോക്കിയ മുന്‍ പ്രവാസി വിരമിച്ചശേഷം നാട്ടിലെത്തി രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ സജീവമായിരുന്നു. നിരവധി പേരെ ഇയാള്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലെക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു.

പ്രശസ്ത ട്രേഡിങ് കമ്പനികളുടെ വ്യാജപ്പതിപ്പുകള്‍ വഴി ധാരാളം പേരെ തട്ടിപ്പില്‍ കുടുക്കുന്നുണ്ടെന്നു പോലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗൂഗിളിന്റെ പ്ലേസ്‌റ്റോറില്‍ നിന്നല്ലാതെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി കിട്ടുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 എന്ന ഫോണ്‍ നമ്പരിലോ www.cybercrime.gov.in ലോ ഉടന്‍ പരാതി റജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it