Sub Lead

30 നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വിറ്റ മൂന്നു പേര്‍ അറസ്റ്റില്‍; ഒരു കുഞ്ഞിന് പത്തുലക്ഷം രൂപ വരെ വാങ്ങിയെന്ന് പോലിസ്

30 നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വിറ്റ മൂന്നു പേര്‍ അറസ്റ്റില്‍; ഒരു കുഞ്ഞിന് പത്തുലക്ഷം രൂപ വരെ വാങ്ങിയെന്ന് പോലിസ്
X

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഇവരില്‍ നിന്ന് നാലു ദിവസം പ്രായമുള്ള കുട്ടിയെ രക്ഷിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി കാപിറ്റല്‍ പ്രദേശം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നംഗ സംഘത്തെയാണ് ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര, അഞ്ജലി, യാസ്മിന്‍ എന്നിവരാണ് പിടിയില്‍ ആയതെന്ന് പോലിസ് അറിയിച്ചു. സംഘത്തിലെ മുഖ്യപ്രതി സരോജം എന്ന സ്ത്രീയാണെന്നും അവര്‍ ഒളിവിലാണെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ പാലി എന്ന പ്രദേശത്തെ ആദിവാസി കുഞ്ഞുങ്ങളെയാണ് സംഘം പ്രധാനമായും തട്ടിയെടുത്തിരുന്നത്. ഇതുവരെ 30 കുഞ്ഞുങ്ങളെ ഇവര്‍ വില്‍പ്പന നടത്തിയതായി സ്ഥിരീകരിച്ചു. നേരത്തെ മറ്റൊരു മനുഷ്യക്കടത്ത് കേസില്‍ അഞ്ജലിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരു കുഞ്ഞിന് അഞ്ച് മുതല്‍ പത്തുവരെ ലക്ഷം രൂപയാണ് സംഘം വാങ്ങിയിരുന്നത്. സരോജത്തിന്റെ നിര്‍ദേശ പ്രകാരം യാസ്മിനാണ് കുട്ടികളെ തട്ടിയെടുക്കുക. തുടര്‍ന്ന് സരോജത്തിന് കൈമാറും. സരോജവും അഞ്ജലിയും കുട്ടികളെ സമ്പന്നര്‍ക്ക് വില്‍ക്കും. വിറ്റ കുട്ടികളെ തിരിച്ചെടുക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it