Sub Lead

ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് ഒട്ടേറെ നിയമലംഘനങ്ങള്‍ക്ക് നേരേ കണ്ണടച്ച്

പട്ടയം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ച കേസിലാണ് ക്രമക്കേടില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിംകോടതിയെ അറിയിച്ചത്.

ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് ഒട്ടേറെ നിയമലംഘനങ്ങള്‍ക്ക് നേരേ കണ്ണടച്ച്
X

പി സി അബ്ദുല്ല

കോഴിക്കോട്:സീറോ മലബാര്‍ സഭ അനധികൃത ഭൂമി കൈമാറ്റക്കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നില്‍ കൃത്യമായ മത പ്രീണനം.ഭൂമി ഇടപാടിലെ ഗൗരവമായ ഒട്ടേറെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് ആലഞ്ചേരിയെ നിരപരാധിയാക്കി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട് എന്നതും ശ്രദ്ധേയം.

പട്ടയം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ച കേസിലാണ് ക്രമക്കേടില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിംകോടതിയെ അറിയിച്ചത്.പട്ടയം വ്യാജമാണെന്ന കണ്ടെത്തലില്‍ തഹസില്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും മൊഴി നിലവിലുണ്ട്. കര്‍ദ്ദിനാളിന് അനുകൂലമായ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് പ്രകാരം വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി വില്‍ക്കുന്നത് കേരളത്തില്‍ കുറ്റമല്ലാതാവും.

സീറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് ഇന്‍കം ടാക്‌സ് കണ്ടെത്തി ആറു കോടിയിലേറെ പിഴയടക്കാന്‍ വിധിച്ചിരുന്നു. ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പിണറായി സര്‍ക്കാര്‍ ഇക്കാര്യവും അവഗണിച്ചു.ഇത്തരം കള്ളപ്പണ ഇടപാടുകള്‍ നടത്തി ഭൂമി കച്ചവടം നടത്തുന്നത് കുറ്റകരമല്ലെന്ന നിലപാടാണ് ജോര്‍ജ് ആലഞ്ചേരിയെ ഇപ്പോള്‍ വെള്ള പൂശുക വഴി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.സീറോമലബാര്‍ സഭ ഭൂമി കച്ചവടത്തിലെ കള്ളപ്പണ ഇടപാടില്‍ ഇഡി നടത്തുന്ന അന്വേഷണവും അവഗണിച്ചാണ് പിണറായി സര്‍ക്കാര്‍ ഇടപാട് നിയമ വിധേയമാണെന്ന് സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.

അതിരൂപതാ ഭൂമി ഇടപാടില്‍ സഭയുടെ അന്വേഷണ ഏജന്‍സികളെല്ലാം കാനോണ്‍ നിയമത്തിലും സഭാ നടപടിക്രമങ്ങളിലും ഗുരുതര പിഴവ് കണ്ടെത്തിയിരുന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ എല്ലാം വെള്ള പൂശുകയാണ്. സഭയുടെ കാനോണ്‍ നിയമ വ്യാഖ്യാതാക്കളായി സര്‍ക്കാര്‍ മാറി എന്നതും ശ്രദ്ധേയം.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കമമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ഭൂമിയിടപാടമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.കാനോന്‍ നിയമപ്രകാരവും അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയതിനു ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


Next Story

RELATED STORIES

Share it