Sub Lead

വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപോര്‍ട്ട്

2015ല്‍ നിര്‍മാണത്തിനായി തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയും ചേലോട് എസ്‌റ്റേറ്റില്‍ പുതിയ മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയും ചെയ്തു.

വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപോര്‍ട്ട്
X

വയനാട്: മേപ്പാടിയിലെ ആസ്റ്റര്‍ ഡിഎം വിംസ് മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപോര്‍ട്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലാണ് സമിതിയോട് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായാണു വിവരം. ഡോ. സജീഷ്, ഡോ. കെ ജി കൃഷ്ണകുമാര്‍(തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ഡോ. അന്‍സാര്‍ (കൊല്ലം മെഡിക്കല്‍ കോളജ്), മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ നരേന്ദ്രനാഥന്‍, കെ ശ്രീകണ്ഠന്‍ നായര്‍, സി ജെ അനില, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ബാബു എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

ഡിഎം എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ തങ്ങളുടെ മെഡിക്കല്‍ കോളജ് സര്‍ക്കാറിന് കൈമാറാനുള്ള സന്നദ്ധത രേഖമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ആസാദ് മൂപ്പനുമായി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് 50 ഏക്കര്‍ഭൂമി സൗജന്യമായി നല്‍കിയിരുന്നു. 2015ല്‍ നിര്‍മാണത്തിനായി തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയും ചേലോട് എസ്‌റ്റേറ്റില്‍ പുതിയ മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരണപ്പെട്ടതോടെ, വയനാട്ടിലെ ആരോഗ്യരംഗത്തെ പരിമിതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയും മെഡിക്കല്‍ കോളജ് എന്ന ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോളമാണ് വയനാട്ടിലൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തോടെ ഡിഎം വിംസ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

2013ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ഡിഎം വിംസില്‍ 150 എംബിബിഎസ് സീറ്റുകളാണുള്ളത്. ഡിഎം വിംസില്‍ നിലവില്‍ നാലു സ്ഥാപനങ്ങളിലായി 215 ഡോക്ടര്‍മാരും 1678 ജീവനരക്കാരും 700 കിടക്കകളുമാണുള്ളത്. ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനും അനൂപ് മൂപ്പന്‍ മാനേജിങ് ഡയറക്ടറുമായ ഡിഎം എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലാണു ഡിഎം വിംസ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.

Government is likely to take over DM Wims Medical College in Wayanad

Next Story

RELATED STORIES

Share it