Sub Lead

എഎപി നേതാക്കളെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പൊതിരേ തല്ലി; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പരാതി

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ എഎപി സംഘടിപ്പിക്കുന്ന ജനസംവദ് യാത്രയുടെ ഭാഗമായ പരിപാടിക്കെത്തിയ നേതാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

എഎപി നേതാക്കളെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പൊതിരേ തല്ലി; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പരാതി
X

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുജറാത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാക്കളെ നടു റോഡില്‍ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചു. ആക്രമണത്തിനു പിന്നില്‍ ബിജെപി ഗുണ്ടകളാണെന്നു എഎപി നേതൃത്വം ആരോപിച്ചു.

രക്തമൊലിപ്പിച്ചുള്ള എഎപി നേതാക്കളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ എഎപി സംഘടിപ്പിക്കുന്ന ജനസംവദ് യാത്രയുടെ ഭാഗമായ പരിപാടിക്കെത്തിയ നേതാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. തങ്ങളുടെ വാഹനം തടഞ്ഞുനിര്‍ത്തി ബിജെപിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എഎപി ആരോപിച്ചു. ഇസുദാന്‍ ഗാധ്വിയുടെ നേതൃത്വത്തിലുള്ള എഎപി സംഘം നിരവധി വാഹനങ്ങളിലായി കടന്നുപോകവെയാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

ഏഴ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും എഎപി നേതാക്കള്‍ പറഞ്ഞു. ആദ്യമായിട്ടാണ് തനിക്ക് ഇത്തരമൊരു അനുഭവമെന്ന് എഎപി നേതാവ് മഹേഷ് സ്വാനി പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജുനാഗഡിലെ വിസവാദര്‍ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തകര്‍ വളഞ്ഞു. 70 ബിജെപി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് എഎപി നേതാക്കള്‍ പോലിസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ സാന്നിധ്യം അറിയിച്ചതാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു.പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it