Sub Lead

സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി മസ്ജിദിനെതിരായ ഹരജിക്കാരി

സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി മസ്ജിദിനെതിരായ ഹരജിക്കാരി
X

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാന്‍വ്യാപി മസ്ജിദിനെതിരായ ഹരജിക്കാരി രാഷ്ട്രപതിക്ക് കത്തയച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ എല്ലാ ദിവസവും ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ച രാഖി സിങ് എന്ന ഹൈന്ദവ സ്ത്രീയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചത്. സഹ ഹര്‍ജിക്കാരില്‍ നിന്നുള്ള മാനസിക പീഢനവും അപകീര്‍ത്തികരമായ പ്രചാരണങ്ങളും താങ്ങാനാകുന്നില്ലെന്നും അതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തന്നോടൊപ്പം ഹരജി നല്‍കി നാലുപേരും അവരുടെ അഭിഭാഷകരും തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും രാഖി സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗ്യാന്‍വാപി കേസില്‍ എന്റെ കൂട്ടാളികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക്, (മുതിര്‍ന്ന) അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍, അദ്ദേഹത്തിന്റെ മകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവരും അവരുടെ ഏതാനും സഹപ്രവര്‍ത്തകരും എനിക്കെതിരേ തെറ്റായ പ്രചാരണം നടത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ്. എന്നെ കൂടാതെ എന്റെ അമ്മാവനും അമ്മായിക്കുമെതിരേ 2022 മെയ് മാസത്തില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയതായും രാഖി സിങ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്. അത്തരമൊരു പ്രസ്താവനയോ വിവരമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാത്രമല്ല, പ്രസ്തുത കേസില്‍ എനിക്ക് വേണ്ടി വാദിക്കുന്ന എന്റെ അമ്മാവന്‍ ജിതേന്ദ്ര സിങ് അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. എന്നിട്ടും രാജ്യത്തുടനീളം ഞങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് ഹിന്ദു സമൂഹത്തെ എനിക്കും എന്റെ കുടുംബത്തിനുമെതിരേയാക്കുകയാണ്. അതിനാല്‍ ഞാനും അമ്മാവനും കുടുംബവും വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലാണെന്നും രാഖി സിങ് കൂട്ടിച്ചേര്‍ത്തു.

2021 ആഗസ്ത് മാസത്തിലാണ് രാഖി സിങ് ഉള്‍പ്പെടെ അഞ്ച് ഹിന്ദു സ്ത്രീകള്‍ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ മാ ശൃംഗര്‍ ഗൗരി സ്ഥലത്ത് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് വാരാണസി ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഹിന്ദുത്വര്‍ക്ക് അനുകൂലമായ ചില നടപടിക്രമങ്ങള്‍ നടന്നിരുന്നു.

Next Story

RELATED STORIES

Share it