Sub Lead

'ഹമാസ് ദേശീയ പ്രസ്ഥാനം'; യുഎസ് ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് തുണീസ്യ മുന്‍ പ്രസിഡന്റ്

ഹമാസിനെ സംബന്ധിച്ച യുഎസ് നിലപാടില്‍ മാറ്റംവരുത്താതെ, അവരെ ഒരു 'തീവ്രവാദ' സംഘടനയായി കണക്കാക്കുന്നിടത്തോളം കാലം സമാധാന ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഫലവും ചെയ്യില്ലെന്ന് മര്‍സൂഖി ചൂണ്ടിക്കാട്ടി.

ഹമാസ് ദേശീയ പ്രസ്ഥാനം; യുഎസ് ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് തുണീസ്യ മുന്‍ പ്രസിഡന്റ്
X

തുണിസ്: ഹമാസ് ഒരു ദേശീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണെന്നും 'തീവ്രവാദ' സംഘടനയല്ലെന്നും തുണീസ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുന്‍സിഫ് മര്‍സൂഖി. അമേരിക്ക ഈ വസ്തുത തിരിച്ചറിഞ്ഞ് ഫലസ്തീന്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്നും അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മര്‍സൂഖി വ്യക്തമാക്കി.

ഹമാസിനെ സംബന്ധിച്ച യുഎസ് നിലപാടില്‍ മാറ്റംവരുത്താതെ, അവരെ ഒരു 'തീവ്രവാദ' സംഘടനയായി കണക്കാക്കുന്നിടത്തോളം കാലം സമാധാന ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഫലവും ചെയ്യില്ലെന്ന് മര്‍സൂഖി ചൂണ്ടിക്കാട്ടി. 'താന്‍ എല്ലായ്‌പ്പോഴും ഹമാസിനെ പിന്തുണച്ചിട്ടുണ്ട്, കാരണം ഇത് ഒരു ദേശീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണ്. താന്‍ തുണീസ്യയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ഖാലിദ് മിഷ്അലിനേയും ഇസ്മായില്‍ ഹനിയ്യയേയും സ്വീകരിച്ചു, കൂടിക്കാഴ്ചയ്‌ക്കെതിരേയുള്ള യുഎസ് അംബാസഡറുടെ രോഷത്തെ പൂര്‍ണമായും അവഗണിച്ചു'-അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍മാര്‍ ഇത് മനസ്സിലാക്കാന്‍ തുടങ്ങിയത് ഭാഗ്യമാണെന്നും അവര്‍ ഹമാസുമായി ഒരു സംഭാഷണം ആരംഭിക്കാന്‍ ശരിയായ പാത തേടുകയാണെന്നും തുണീസ്യന്‍ മുന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ അല്ലെങ്കില്‍ പിന്നീട്, അമേരിക്കക്കാര്‍ ഹമാസ് ഒരു ദേശീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണെന്ന് സമ്മതിക്കും. അമേരിക്കക്കാര്‍ അവരുടെ സമയം പാഴാക്കുകയാണ്, കാരണം ഒടുവില്‍ അവര്‍ക്ക് താഴെതട്ടില്‍ അധികാരമുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടേണ്ടി വരും'-അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കക്കാര്‍ താലിബാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ എല്ലാ പലസ്തീന്‍ ശക്തികളുമായി സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it