Sub Lead

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍
X

കോതമംഗലം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍. കുട്ടമ്പുഴയില്‍ എല്‍ദോസ് എന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ വൈകീട്ടാണ് എല്‍ദോസിനെ ആന ചവിട്ടിക്കൊന്നത്. തുടര്‍ന്ന് മൃതദേഹം സംഭവസ്ഥലത്ത് നിന്ന് നീക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചിരുന്നില്ല.

ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് പ്രദേശത്ത് എത്തിയ കലക്ടര്‍ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളില്‍ വിശദമായി ഓരോകാര്യവും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നല്‍കണമെന്ന് കലക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു.

10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടന്‍ തന്നെ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് കൈമാറും. ഡിഎഫ്ഒ ചെക്ക് ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21ന് പുനരാരംഭിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. അഞ്ചുദിവസത്തിനുള്ളില്‍ വഴി വിളക്ക് പുന:സ്ഥാപിക്കും. 27ന് കലക്ടര്‍ നേരിട്ട് വന്ന് അവലോകനം നടത്തും. ആര്‍ആര്‍ടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എംഎല്‍എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്‌ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

കലക്ടര്‍ നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.

Next Story

RELATED STORIES

Share it