Big stories

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടിക്ക്

പ്രമുഖ സംവിധായകനും ഇടതുസഹയാത്രികനുമായ പി ടി കുഞ്ഞുമുഹമ്മദും സംഘപരിവാര്‍ അനുകൂലിയായ അലി അക്ബറും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും പൃഥ്വിരാജിന്റെ സിനിമയ്ക്കു പിന്നിലെ പ്രവര്‍ത്തകര്‍ മാത്രമാണ് തങ്ങളുമായി ആലോചിച്ചതെന്നും ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടിക്ക്
X

മലപ്പുറം: സ്വാതന്ത്ര്യസമര പോരാളിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണത്തിനെതിരേ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. വാരിയന്‍കുന്നന്റെ പിന്‍മുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷനാണ് നിയമനടപടിക്കു തയ്യാറെടുക്കുന്നത്. കമ്മിറ്റികൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി പി ഇബ്രാഹീം അറിയിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് നായകന്‍ പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ വിദ്വേഷപ്രചാരണവുമായെത്തിയത്. പ്രിഥ്വിരാജിനെതിരേ സൈബര്‍ ആക്രമണവും ഭീഷണിയും അസഭ്യവും മുഴക്കിയാണ് പലരും കമ്മന്റിടുന്നത്. മാത്രമല്ല, വാരിയന്‍കുന്നനെ മതഭ്രാന്തനെന്ന് ആക്ഷേപിച്ച് സംഘപരിവാര ചാനലും വാര്‍ത്ത നല്‍കിയിരുന്നു. വാരിയന്‍ കുന്നന്‍ ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയയാളാണെന്നും വര്‍ഗീയവാദിയാണെന്നുമാണ് ഇവര്‍ ആക്ഷേപിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ പ്രതികരിക്കും, വേറിട്ടൊരു പ്രതികരണം, നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരുപ്രതികരണം 1921ലെപോലെ ഒടുങ്ങിത്തരാന്‍ 2021ല്‍ ഹിന്ദുക്കള്‍ തയാറല്ല! ആസിഖേ സംവിധാനിച്ചോളു. കാണാം' എന്നായിരുന്നു ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുക്കള്‍ക്കുണ്ടാക്കിയ മുറിവില്‍ വീണ്ടും മുളകുതേക്കുന്ന നടപടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബുവും ഭീഷണിപ്പെടുത്തി.

അതേസമയം, പ്രമുഖ സംവിധായകനും ഇടതുസഹയാത്രികനുമായ പി ടി കുഞ്ഞുമുഹമ്മദും സംഘപരിവാര്‍ അനുകൂലിയായ അലി അക്ബറും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും പൃഥ്വിരാജിന്റെ സിനിമയ്ക്കു പിന്നിലെ പ്രവര്‍ത്തകര്‍ മാത്രമാണ് തങ്ങളുമായി ആലോചിച്ചതെന്നും ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ അറിയിച്ചു.

Hate campaign via social media; Variyankunnan's family goes to move legal action



Next Story

RELATED STORIES

Share it