Sub Lead

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു: സുപ്രിംകോടതി

ഹൈക്കോടതി ഖുര്‍ആനിന്റെ യഥാര്‍ത്ഥ പാഠത്തിലേക്ക് പോയിട്ടില്ലെന്ന് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു.

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത് സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതി എത്തിയ തീരുമാനത്തില്‍ മതാചാരങ്ങളുടെ ചോദ്യത്തിലേക്ക് കടക്കാന്‍ പാടില്ലായിരുന്നുവെന്ന് സുപ്രിംകോടതി. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു സുപ്രധാന നിരീക്ഷണം നടത്തിയത്. ചൊവ്വാഴ്ച വിധിയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി ഖുര്‍ആനിന്റെ യഥാര്‍ത്ഥ പാഠത്തിലേക്ക് പോയിട്ടില്ലെന്ന് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു. ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള വിധിയില്‍, കര്‍ണാടക ഹൈക്കോടതി ചരിത്ര വിദ്യാര്‍ഥിനിയായിരുന്ന സാറ സ്ലൈനിംഗര്‍ എഴുതിയ 'പര്‍ദ്ദ ധരിച്ച സ്ത്രീകള്‍: ഹിജാബ്, മതം, സാംസ്‌കാരിക സമ്പ്രദായം' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം ഉദ്ധരിച്ചിരുന്നു. ഹിജാബ് ഏറ്റവും മികച്ച ഒരു സാംസ്‌കാരിക സമ്പ്രദായമാണെന്ന് വിലയിരുത്താന്‍ വേണ്ടിയായിരുന്നു ഇത്്.

ജസ്റ്റിസുമാരായ ധൂലിയ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നത്.

ചൊവ്വാഴ്ചത്തെ വാദം കേള്‍ക്കുമ്പോള്‍, കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണോ എന്ന് പരിശോധിക്കുന്നത് ഹൈക്കോടതിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് സമ്മതിച്ചു.

ഒരു മതപരമായ ആചാരം അനിവാര്യമാണോ എന്നറിയാന്‍ കോടതികള്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, അത്തരം നിയമനടപടി പാലിക്കുന്നവര്‍ക്ക് മാത്രമേ സംരക്ഷണം നല്‍കാനാകൂവെന്നും മേത്ത പറഞ്ഞു.

ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമാണെന്ന് സൂചിപ്പിക്കുന്നതിന് ഹരജിക്കാര്‍ ഖുര്‍ആനിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടെന്ന് ജഡ്ജിമാര്‍ സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. ഖുര്‍ആനിലെ ഹിജാബുകളെ കുറിച്ചുള്ള പരാമര്‍ശം കൊണ്ട് മാത്രം അത് ശീലമാക്കേണ്ടതില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

ഹിജാബ് വിഷയം ഉന്നയിച്ച് ആരെങ്കിലും കോടതിയെ സമീപിക്കുമ്പോള്‍ മാത്രമാണ് മതപരമായ ആചാരത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it