Sub Lead

ലുലുമാളിന് മുന്നില്‍ ജയ് ശ്രീറാം വിളിച്ച് ഹിന്ദുമഹാസഭ; മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ വായിച്ചു (വീഡിയോ)

ലുലുമാളിന് മുന്നില്‍ ജയ് ശ്രീറാം വിളിച്ച് ഹിന്ദുമഹാസഭ; മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ വായിച്ചു (വീഡിയോ)
X

ലഖ്‌നൗ: ലഖ്‌നൗവിലെ ലുലുമാളിന് മുന്നില്‍ ജയ് ശ്രീറാം വിളികളുമായി ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം. മാളിനുള്ളില്‍ അജ്ഞാതര്‍ നമസ്‌കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

പ്രതിഷേധത്തെ തുടര്‍ന്ന് ഭാരവാഹികളെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹമാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. കാവി പതാകകള്‍ ഉയര്‍ത്തി, മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പോലിസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാന്‍ സജ്ജമാക്കിയിരുന്നു.

അതിനിടെ ലുലുമാളിന്റെ അകത്ത് ഹിന്ദുത്വര്‍ ഹനുമാന്‍ ചാലിസ വായിച്ചു. ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദര്‍ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷന്‍ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മാളിനുള്ളില്‍ ചിലര്‍ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച മാളിന് സമീപം ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ ഹിന്ദുത്വ സംഘടന പ്രാദേശിക അധികാരികളില്‍ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും സമ്മതിച്ചില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലുലു മാള്‍ പ്രതിനിധികളുടെ പരാതിയില്‍ കേസെടുത്തു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിനും നിരവധി അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് മാള്‍ അധികൃതര്‍ നോട്ടിസ് പതിച്ചു.

ലഖ്‌നൗവിലെ ലുലു മാള്‍ ഞായറാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. മലയാളിയായ എംഎ യൂസഫ് അലിയുടെ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പാണ് മാള്‍ തുറന്നത്.

Next Story

RELATED STORIES

Share it