Sub Lead

ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു

ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു
X

ഹുബ്ബള്ളി: ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഹുബ്ബള്ളി ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഹിന്ദു സംഘടനകള്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചു.ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഈദ്ഗാഹ് മൈതാനത്ത് മൂന്ന് ദിവസം നീളുന്ന ചടങ്ങുകളാണ് നടക്കുക.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഗണേശ ചതുര്‍ഥി ആഘോഷം കര്‍ണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.ചാംരാജ് നഗര്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ സുപ്രിംകോടതി വിലക്കിയതിന് പിന്നാലെയാണ് ഈദ് ഗാഹ് മൈതാനത്ത് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ ഹിന്ദു സംഘടനകള്‍ ഗണേശ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു.

ധാര്‍വാഡ് മുന്‍സിപ്പല്‍ കമീഷണറാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോല്‍സവത്തിന് നേരത്തെ അനുമതി നല്‍കിയത്. ഇതിനെതിരെ അന്‍ജുമാനെ ഇസ്‌ലാം കോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടകയിലെ രണ്ടാം ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരാമെന്നാണ് ഹുബ്ബള്ളി മൈതാനത്തെ ആഘോഷം തടയണമെന്നാവശ്യപ്പെട്ട് അന്‍ജുമാനെ ഇസ്‌ലാം നല്‍കിയ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ചൊവ്വാഴ്ച രാത്രി 10ന് അടിയന്തിര പ്രാധാന്യത്തോടെ ഹരജി പരിഗണിച്ച ഹൈകോടതി രാത്രി 11.30 ഓടെ ഹരജിക്കാരുടെ ആവശ്യം തള്ളുകയും,ഗണേശോല്‍സവത്തിന് അനുമതി നല്‍കിയ ധാര്‍വാഡ് മുന്‍സിപ്പല്‍ അധികൃതരുടെ നടപടി ശരിവെക്കുകയും ചെയ്തു.ചാംരാജ് നഗറിലേത് പോലെയുള്ള അവസ്ഥ അല്ല ഹുബ്ബള്ളിയിലേതെന്നും ഇത് ആരാധനയ്ക്ക് മാത്രമല്ല, കാര്‍ പാര്‍ക്കിംഗിനുള്ള സ്ഥലം കൂടിയാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനം ഹുബ്ബള്ളി ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എച്ച്ഡിഎംസി) ഉടമസ്ഥതയിലുള്ളതാണെന്നും അന്‍ജുമാന്‍ ഇസ്‌ലാമിന് ഈ ഭൂമിയില്‍ 999 വര്‍ഷത്തെ പാട്ടം ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഭൂമിയുടെ ഉപയോഗത്തില്‍ എച്ച്ഡിഎംസിക്ക് ഇപ്പോഴും അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.


Next Story

RELATED STORIES

Share it