Sub Lead

ഹിന്ദു രാഷ്ട്ര പ്രസംഗം: വര്‍ഗീയ വിഷ വ്യാപനത്തിന്റെ തെളിവെന്ന് 'സത്യദീപം'

പി സി അബ്ദുല്ല

ഹിന്ദു രാഷ്ട്ര പ്രസംഗം: വര്‍ഗീയ വിഷ വ്യാപനത്തിന്റെ തെളിവെന്ന് സത്യദീപം
X

കോഴിക്കോട്: 2030ല്‍ ഇന്ത്യയെ മുസ് ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഇന്ത്യയെ ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമുള്ള പ്രസംഗം ക്രൈസ്തവര്‍ക്കിടയിലെ വര്‍ഗീയ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കുന്നതാണെന്ന് 'സത്യദീപം'. പി സി ജോര്‍ജിന്റെ പേര് പറയാതെയാണ് എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണത്തിന്റെ രൂക്ഷ വിമര്‍ശനം. ''ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷേ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്'' സത്യ ദീപത്തിന്റെ ഇന്നത്തെ മുഖപ്രസംഗം പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ നൃത്തത്തിനെതിരേ ഉയര്‍ന്ന വര്‍ഗീയ വിമര്‍ശനങ്ങളെയും സത്യദീപം രൂക്ഷമായി വിമര്‍ശിക്കുന്നു. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അദൃശ്യരേഖകള്‍ തെളിയാതിരിക്കട്ടെ. ജീവനുള്ളതും ക്രിയാത്മകവുമായ ഒരു ജനത, വ്യത്യാസങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള കഴിവിലൂടെ ഒരു പുതിയ സമന്വയത്തിനായി നിരന്തരം തുറന്നിരിക്കുന്നുവെന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യാശയില്‍ ഈ നാടിന്റെ ഭാവിയുണ്ട്.

ഈ അടുത്തകാലത്ത് നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ഏറെ മെച്ചപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്നു. അപ്പോഴും മലയാളിയുടെ പൊതു ബോധാന്തരീക്ഷം വിശുദ്ധവും വിശാലവുമാണെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ എന്ന പ്രശ്‌നമുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച, 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നൃത്തം വൈറലായി. 1970കളില്‍ യുവത്വത്തിന്റെ ഹരമായിരുന്ന യൂറോ കരീബിയന്‍ ഡാന്‍സ്, ബോണി എമ്മിന്റെ റാസ്പുടിന്‍ എന്ന അനശ്വര ട്രാക്കിനൊപ്പമാണ് ഇവര്‍ ചുവടുവച്ചത്. ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്‌സ് ഡാന്‍സിനെ വ്യത്യസ്തമാക്കിയതോടെ രണ്ടുപരും വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി. ചാനലുകളില്‍ അഭിമുഖവും നിറഞ്ഞു.

കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുമ്പോഴാണ് ഒരഭിഭാഷകന്റെ വിയോജനക്കുറിപ്പ് എഫ്.ബിയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരുടെയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു, ആ വിദ്വേഷ പോസ്റ്റ്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ 'അപാകത' ചൂണ്ടിക്കാട്ടിയ ആ പ്രതികരണത്തില്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിന്റെ മുനയുണ്ടായിരുന്നു. ഇതിനു ചുവടുപിടിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ യുവനര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ 'ഡാന്‍സ് ജിഹാദ്' എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.

സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവേഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം 'മതേതര' കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരേ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുമ്പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍.

നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വ ബോധം പരസ്പരം നിറയ്ക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റം.

മതതീവ്രവാദത്തിന്റെ വില്‍പ്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ!. തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നുകാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോവുന്നത് മതേതര കേരളം മാത്രമാണെന്നും 'സത്യദീപം' പറയുന്നു.

Hindu Rashtra speech: evidence of communal poisoning says 'Satyadeepam'

Next Story

RELATED STORIES

Share it