Sub Lead

ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങി; സൈനികരെയും യുദ്ധവിമാനങ്ങളും അയക്കുമെന്ന് അമേരിക്ക

ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങി; സൈനികരെയും യുദ്ധവിമാനങ്ങളും അയക്കുമെന്ന് അമേരിക്ക
X

ബെയ്‌റൂത്ത് : ലോകരാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പ് തള്ളി ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി. 2006 നു ശേഷം ആദ്യമായാണ് ഇസ്രായില്‍ സൈന്യം ലെബനോന്‍ അതിര്‍ത്തി കടന്ന് കരയാക്രമണം നടത്തുന്നത്. തെക്കന്‍ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിര്‍ത്തി ഒഴിപ്പിച്ചു.ബെയ്‌റൂത്തില്‍ ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഇന്നലെ രാത്രിയും ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനോനില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം അന്‍പതിനായിരം കടന്നു.

യുദ്ധവിമാനങ്ങളുടെയും പാറ്റന്‍ ടാങ്കുകളുടെയും ശക്തമായ അകമ്പടിയോടെയാണ് ഇസ്രായേല്‍ സൈന്യം അതിര്‍ത്തി കടന്നത്. ഇതിനു തൊട്ടു മുമ്പായി ലെബനീസ് സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങി. അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കാണ് സൈന്യം പിന്‍വാങ്ങിയത്. ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു. ദക്ഷിണ ലെബനോനില്‍ ഇസ്രായേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെടുന്നത്.

ബെയ്റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തത്ത് ഹിസ്ബുല്ലയുടെ കേന്ദ്രമായ മൂന്നു ഡിസ്ട്രിക്ടുകളില്‍ നിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ തിങ്കളാഴ്ച വൈകീട്ട് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. കരയാക്രമണത്തിനു മുന്നോടിയായി ദക്ഷിണ ലെബനോനില്‍ ഇസ്രായേല്‍ ഫോസ്ഫറസ് ബോംബാക്രമണവും നടത്തി. ഇന്നലെ ലെബനോനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ ഇസ്രായിലിനെ സഹായിക്കാന്‍ മധ്യപൗരസ്ത്യദേശത്തേക്ക് ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനുകളും അധികമായി അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.





Next Story

RELATED STORIES

Share it