Sub Lead

ഖത്തറിന്റെ ഇടപെടല്‍; ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു സാധ്യത

ഖത്തറിന്റെ ഇടപെടല്‍; ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു സാധ്യത
X

ഗസാ സിറ്റി: ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു സാധ്യത. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസും ഇസ് ലാമിക് ജിഹാദും തയ്യാറായതെന്നാണ് റിപോര്‍ട്ട്. ബന്ദികള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഖത്തറും ഇസ്രായേലുമായി ഉടമ്പടി അടുത്തതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും അറിയിച്ചു. ഇന്നലെ വൈകീട്ട് ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭായോഗം കരാറിന് അനുമതി നല്‍കുകയും ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ഹമാസും ഇസ്‌ലാമിക് ജിഹാദും ചര്‍ച്ച നടത്തിയ ശേഷം തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിക്കുകയായിരുന്നു. ഖത്തറും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടത്തി ഇതില്‍ തീരുമാനം അറിയിക്കുകയായിരുന്നു. കരാര്‍ പ്രകാരം നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാന്‍ ഇരു വിഭാഗവും അംഗീകരിച്ചതായാണ് റിപോര്‍ട്ട്. ഹമാസുമായി യാതൊരു കരാറിനും ഒരുക്കമല്ലെന്നാണ് രണ്ട് ദിവസം മുമ്പ് വരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചിരുന്നെങ്കിലും മലക്കം മറിയുകയായിരുന്നു. നെതന്യാഹുവിന്റെ വസതിക്കു മുന്നില്‍ ബന്ദികളുടെയും മറ്റും ബന്ധുക്കള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.

മാത്രമല്ല, ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാവുകയും അമേരിക്കയ്ക്കു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടാവുകയും ചെയ്തതാണ് പൊടുന്നനെ കരാറിലെത്താന്‍ തയ്യാറായതെന്നാണ് വിവരം. വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെങ്കിലും കൂട്ടക്കുരുതിയില്‍ എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗസ നിവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുമെന്നാണ് കണക്കുകൂട്ടല്‍. ഒക്ടോബര്‍ ഏഴിനു നടത്തിയ തൂഫാനുല്‍ അഖ്‌സയില്‍ 220ഓളം ബന്ദികള്‍ ഹമാസിന്റെ കൈവശവും 40 ബന്ദികള്‍ ഇസ്‌ലാമിക് ജിഹാദിന്റെ കൈവശവും ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപോര്‍ട്ടുകള്‍. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തര്‍ അനുനയ നീക്കവുമായെത്തിയിരുന്നു. ബന്ദികളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 200 പേരെ വിട്ടയയ്ക്കുക, അതിനു പകരമായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുക, ഗസയിലേക്ക് കൂടുതല്‍ സഹായവസ്തുക്കള്‍ എത്തിക്കാനുള്ള സംവിധാനം എത്തിക്കുക എന്നിങ്ങനെയായിരുന്നു കരാര്‍. ഇത് പ്രകാരമാണോ ഇപ്പോഴത്തെ ചര്‍ച്ചകള്‍ മുന്നോട്ടുപോയതെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമുണ്ടായിട്ടില്ല. അതിനിടെ, വെടിനിര്‍ത്തല്‍ സാധ്യതകളുടെ റിപോര്‍ട്ടുകള്‍ക്കിടെയും ഗസയില്‍ കടുത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കവിഞ്ഞു.

Next Story

RELATED STORIES

Share it