Sub Lead

കലമുടച്ച് 'ആഗോളപൗരന്‍'; മഹാറാലി നേട്ടമാക്കാനാവാതെ ലീഗ്, 'ഭീകരപ്രസംഗം' വെട്ടി പാര്‍ട്ടി പത്രം

കലമുടച്ച് ആഗോളപൗരന്‍; മഹാറാലി നേട്ടമാക്കാനാവാതെ ലീഗ്, ഭീകരപ്രസംഗം വെട്ടി പാര്‍ട്ടി പത്രം
X


ബഷീര്‍ പാമ്പുരുത്തി


കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ലോകമനസ്സാക്ഷി ഉയരുമ്പോള്‍, പ്രതിഷേധമഹാറാലി തീര്‍ത്ത് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിട്ടും നേട്ടമാക്കാനാവാതെ മുസ് ലിം ലീഗ്. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ മനുഷ്യാവകാശ മഹാറാലിയില്‍ മുഖ്യാതിഥിയായെത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസംഗത്തിലെ പരാമര്‍ശമാണ് കലമുടച്ചത്. ഫലസ്തീനു വേണ്ടി ജീവന്‍കൊടുത്തും പോരാടുന്ന ഹമാസ് പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള 'ആഗോളപൗരന്‍' ശശി തരൂരിന്റെ പ്രസംഗമാണ് തിരിച്ചടിയായത്. പ്രതിപക്ഷ നേതാവിനെയോ കോണ്‍ഗ്രസിന്റെ മറ്റു മുതിര്‍ന്ന നേതാക്കളെയോ ക്ഷണിക്കാതെ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ മുഖമായിരുന്ന ശശി തരൂരിനെ കൊണ്ടുവന്നെങ്കിലും നേട്ടത്തിനു പകരം കോട്ടമാണുണ്ടാക്കിയത്. വിവാദമായതോടെ, പ്രസംഗത്തില്‍നിന്നു 'ഭീകര' പരാമര്‍ശം വെട്ടിമാറ്റിയാണ് പാര്‍ട്ടി പത്രമായ ചന്ദ്രികയും റിപോര്‍ട്ട് നല്‍കിയത്. മാത്രമല്ല, തരൂരിനെ അപ്രസക്തനാക്കുന്ന വിധത്തിലുള്ള ചിത്രവുമാണ് നല്‍കിയത്. സമസ്തയുമായുള്ള ഭിന്നത നിലനില്‍ക്കെ ശക്തിപ്രകടനം കൂടി കണക്കിലെടുത്ത് നടത്തിയ മഹാറാലിയിലെ പിഴവ് മുതലെടുത്ത് സമസ്ത യുവ നേതാക്കളും കെടി ജലീലിനെ പോലുള്ളവരും രംഗത്തെത്തിയതോടെ, തള്ളാനും കൊള്ളാനുമാവാതെ വെട്ടിലായിരിക്കുകയാണ് ലീഗ് നേതൃത്വം. അണികളില്‍നിന്നുള്ള അമര്‍ഷം കൂടിയായതോടെ, വഖ്ഫ് സമ്മേളനത്തിനു സമാനമായ രീതിയിലേക്ക് മഹാറാലിയും മാറിയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെയും വിലയിരുത്തല്‍.



കോഴിക്കോട് കടപ്പുറത്ത് വഖ്ഫ് സംരക്ഷണ റാലിയെ വെല്ലുന്ന വിധത്തിലാണ് മുസ് ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലി നടത്തിയത്. എന്നാല്‍, വഖ്ഫ് റാലിയിലെ വിവാദം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അന്നത്തെ റാലിയില്‍ പിണറായി വിജയനെ പച്ചയ്ക്കിട്ട് കത്തിക്കുമെന്നും മറ്റുമുള്ള വിവാദ മുദ്രാവാക്യം വിളിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ റാലി നടത്തിയിരുന്നില്ല. പേരില്‍ മഹാറാലിയുണ്ടെങ്കിലും അണികളില്‍ നിന്നുണ്ടാവുന്ന 'എടുത്തുചാട്ടങ്ങള്‍'ക്ക് കടിഞ്ഞാണിടാന്‍ ചെറുസംഘങ്ങള്‍ പ്രകടനമായി മാത്രം പൊതുസമ്മേളന വേദിയിലേക്കെത്താനാണ് നിര്‍ദേശിച്ചത്. വൈറ്റ് ഗാര്‍ഡിനെ വോളന്റിയര്‍മാരാക്കിയും നിയന്ത്രിച്ചു. റാലിക്കു പകരം കടപ്പുറത്ത് സംഗമിക്കുകയും മുന്നില്‍ വലിയ ബാനര്‍ പിടിച്ച് നേതാക്കളും പിന്നിലായി അണികളും നിലയുറപ്പിച്ചാണ് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ, ഇംഗ്ലീഷിലും അറബിയിലുമുള്ള മുദ്രാവാക്യം സ്റ്റേജില്‍നിന്ന് വിളിച്ചുകൊടുക്കുകയും അത് സമ്മേളനത്തിനെത്തിയവര്‍ ഏറ്റുപറയുകയുമാണ് ചെയ്തത്. ഇസ്രായേലിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന മുദ്രാവാക്യത്തില്‍ ഹമാസിനെ പരാമര്‍ശിക്കാതെ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും അറബിയിലും മലയാളത്തിലുമുള്ള പ്ലക്കാര്‍ഡുകള്‍ നേരത്തേ തയ്യാറാക്കിയത് കൈയിലേന്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും റാലിക്കെത്തിയിരുന്നു. മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്നത് മാത്രമേ വിളിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.


ലീഗിന്റെ പതാകകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന നിര്‍ദേശത്തിലൂടെ ഫലസ്തീന്‍ പതാകയ്ക്കും വിലക്കേര്‍പ്പെടുത്തി. വിദേശരാജ്യത്തിന്റെ പതാകയുയര്‍ത്തുന്നതും ഹമാസിന്റെയോ മറ്റോ ബാനറുകള്‍ ഉയര്‍ത്തുന്നതും വിവാദമാക്കിയേക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പ്ലക്കാര്‍ഡുകള്‍ സംസ്ഥാന കമ്മിറ്റി ഡിസൈന്‍ ചെയ്തുനല്‍കുന്നത് മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.


മഹാറാലിക്ക് കൊഴുപ്പേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള മുന്‍ യുഎന്‍ നയതന്ത്രജ്ഞനും ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ കൊണ്ടുവന്നത്. എന്നാല്‍, മുസ് ലിം സമുദായത്തിന്റെ ഫലസ്തീന്‍-ഹമാസ് നിരുപാധിക പിന്തുണയ്ക്കു പകരം ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചതാണ് തിരിച്ചടിയായത്. ആഗോളപൗരനെന്ന വിശേഷണത്തോടെ, ഫലസ്തീനു വേണ്ടി പ്രാര്‍ഥിച്ചു തുടങ്ങിയ റാലിയില്‍ ഫലസ്തീനു വേണ്ടി ചെറുത്തുനില്‍പ്പ് നടത്തുന്ന ഹമാസ് പോരാളി സംഘത്തെ ഭീകരരെന്നു വിളിച്ചത് സാധാരണ അണികള്‍ക്കിടയില്‍ പോലും അമര്‍ഷത്തിന് കാരണമാക്കിയിട്ടുണ്ട്.


ലീഗ് മുഖപത്രമായ ചന്ദ്രികയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഒറ്റയ്ക്കല്ല ഫലസ്തീന്‍ എന്ന തലക്കെട്ടിലൂടെ ചന്ദ്രിക മഹാറാലിയെ ബഹുവര്‍ണത്തില്‍ പ്രചരിപ്പിച്ചപ്പോള്‍ മുഖ്യാതിഥിയായ ശശി തരൂരിന്റെ പ്രസംഗത്തില്‍ നിന്ന് ഹമാസിനെ ഭീകരരെന്ന് അധിക്ഷേപിച്ച ഭാഗം വെട്ടിയാണ് നല്‍കിയത്. 'ഒക്ടോബര്‍ ഏഴാം തിയ്യതി ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു, 200 ആള്‍ക്കാരെ ബന്ദികളാക്കി എന്നായിരുന്നു തരൂര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഈ ഭാഗം ഒഴിവാക്കിയാണ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്. മാത്രമല്ല, അവസാനത്തെ പേജില്‍ നല്‍കിയ പ്രസംഗത്തില്‍ ശശി തരൂരിന്റെ ചിത്രം അപ്രസക്തമായ രീതിയിലാണ് പ്രസിദ്ധീകരിക്കുകയും ചെയ്തത്. ഇന്ത്യന്‍ യൂനിയന്‍ മുസ് ലിംലീഗ് കേരളാ സ്‌റ്റേറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്കിലും ഇതേ രീതിയില്‍ വെട്ടിനിരത്തിയിട്ടുണ്ട്. റാലിയുടെ ചിത്രങ്ങളില്‍ തരൂര്‍ പ്രസംഗിക്കുന്ന ചിത്രം നല്‍കിയിട്ടില്ല. തരൂര്‍ നേതാക്കളുമായി സംസാരിക്കുന്നത് മാത്രമാണുള്ളത്. തല്‍സമയ വീഡിയോയില്‍ തരൂരിന്റേത് ഉള്‍പ്പെടെ എല്ലാവരുടെയും പ്രസംഗം ഉണ്ടെങ്കിലും പിന്നീട് പ്രസക്തമായ പ്രസംഗങ്ങള്‍ നല്‍കിയതിലും തരൂരിന്റേത് കൊടുത്തിട്ടില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം കെ മുനീര്‍ എന്നിവരുടെ പ്രസംഗങ്ങള്‍ നല്‍കിയപ്പോള്‍ തരൂരിന് ഇടംകൊടുത്തില്ല. ഫേസ് ബുക്ക്, യൂ ട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും അണികള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്.



സമസ്തയുമായി ഈയിടെ ഭിന്നത രൂക്ഷമാവുകയും പിഎംഎ സലാം-ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാക്‌പോര് പരസ്യമാവുകയും ചെയ്തതിനു പിന്നാലെ ശക്തിപ്രകടനം എന്ന നിലയില്‍ പ്രചരിച്ചിരുന്ന മഹാറാലിയുടെ മുഖം നഷ്ടപ്പെട്ടതും പുതിയ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിട്ടുണ്ട്. തരൂരിന്റെ പ്രസംഗത്തിനെതിരേ എസ് കെ എസ്എസ് എഫിന്റെ പ്രമുഖ നേതാവ് സത്താര്‍ പന്തല്ലൂര്‍ ഉള്‍പ്പെടെ പരസ്യപ്രതികരണവുമായെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോള്‍ ശശി തരൂര്‍ ശക്തമായി എതിര്‍ത്തിരുന്നതായും ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്നുമുള്ള രൂക്ഷപ്രതികരണമാണ് സത്താര്‍ പന്തല്ലൂര്‍ നടത്തിയത്.



തരൂരിന്റെ പ്രസംഗത്തെ അവജ്ഞയോടെ തള്ളുന്നുവെന്നാണ് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചത്. വിശ്വ പൗരനായ ശശി തരൂരിന്റെ പ്രഭാഷണത്തില്‍ എന്തൊക്കെ ഇസ്രായേല്‍ വിരുദ്ധത പറഞ്ഞിട്ടുണ്ടെങ്കിലും ഗസയിലെ ഹമാസ് പോരാളികളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹമാസിന്റെ പോരാട്ടം ശൂന്യതയില്‍ നിന്നുണ്ടായതല്ല, പൊറുതിമുട്ടിയപ്പോള്‍ ആഞ്ഞടിച്ചതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് ഇന്നലെയാണ് പറഞ്ഞത് എന്ന് തരൂരിനറിയാലോ. ഇസ്രായേലിനേക്കാള്‍ ധാര്‍മിക അംഗീകാരമുള്ള ഒരു ഭരണകൂടം തന്നെയാണ് ഗസയിലെ ഹമാസ്. അവരെങ്ങനെ ഭീകരവാദികളാവുന്നത്? സദസ്സും സംഘാടകരും ഹമാസിനെ ഭീകരവാദികളായി കാണുന്നില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് 'വിശ്വ പൗരന്റെ' സങ്കുചിത മനസ്സ് പുറത്തുകാട്ടിയത്. ശശി തരൂരിന്റെ എല്ലാ യോഗ്യതകളും അംഗീകരിച്ചുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും നാസര്‍ ഫൈസി കുറിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേരെ അണിനിരത്തുന്ന ഫലസ്തീന്‍ അനുകൂല റാലിയെന്ന് പരോക്ഷമായി അവകാശപ്പെടുകയും ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുകയും ചെയ്തിട്ടും അതിനെ നേട്ടമാക്കി മാറ്റാനാവാത്ത വിധം തരൂരിന്റെ പ്രസംഗം പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it