Sub Lead

കൊവിഡ് ഭീതിക്കിടയിലും സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടി ഡല്‍ഹി പോലിസ്

ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി മീഡിയ കോ-ഓഡിനേറ്റര്‍ അറസ്റ്റില്‍

കൊവിഡ് ഭീതിക്കിടയിലും സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: രാജ്യമെങ്ങും കൊവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനിടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരെ വേട്ടയായി ഡല്‍ഹി പോലിസ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം സംഘടിപ്പിച്ചെന്ന് ആരോപിച്ച് ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി മീഡിയാ കോ-ഓഡിനേറ്റ സഫൂറ സര്‍ഗാറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം സംഘടിപ്പിച്ചത് സഫൂറ സര്‍ഗാറാണെന്നാണ് ഡല്‍ഹി പോലിസ് കമീഷണര്‍ അലോക് കുമാറിന്റെ വാദം.

ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനു നേരെ സിഎഎ അനുകൂലികളും സംഘപരിവാരവും നടത്തിയ ആക്രമണം കലാപത്തിനു വഴിതെളിച്ചിരുന്നു. മുസ് ലിം വിരുദ്ധ വംശഹത്യയ്ക്കു തുല്യമായ ആക്രമണത്തില്‍ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

നാടെങ്ങും കൊവിഡ് ഭീതിയില്‍ കഴിയുമ്പോഴും സിഎഎ വിരുദ്ധ സമരക്കാരെ പോലിസ് നിരന്തരം വേട്ടയാടുകയാണ്. ജാമിഅയിലെ തന്നെ ആക്റ്റിവിസ്റ്റായ മീരാന്‍ ഹൈദര്‍, സാമൂഹിക പ്രവര്‍ത്തകരായ ഖാലിദ് സെയ്ഫി, ഇശ്‌റത്ത് ജഹാന്‍ തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ ആറിന് വര്‍ഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജാമിഅ സര്‍വകലാശാല വിദ്യാര്‍ഥികളുടെ റിമാന്റ് ഡല്‍ഹി കോടതി നീട്ടിയിരുന്നു. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങുമുണ്ടായിരുന്ന സിഎഎ വിരുദ്ധ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനു പിന്നാലെയാണ് പോലിസ് നടപടിയെന്നതും ശ്രദ്ധേയമാണ്.


Next Story

RELATED STORIES

Share it