Sub Lead

പാലാ ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകർക്കുന്നു; പിന്തുണച്ച് ജോസ് കെ മാണി

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

പാലാ ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകർക്കുന്നു; പിന്തുണച്ച് ജോസ് കെ മാണി
X

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരേ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യ തിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ പാലാ ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം പ്രസ്താവനയില്‍ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമില്ല. ഇന്ന് ദീപിക പത്രത്തിലെ പാലാ ബിഷപ്പിനെ പിന്തുണച്ചു കൊണ്ടുള്ള ലേഖനത്തില്‍ ജോസ് കെ മാണി നിശബ്ദത പാലിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി രംഗത്ത് വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it