Sub Lead

ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് അഭിഷിക്തനാകും; ബെയ്‌റൂത്തില്‍ രാത്രി 8.30നാണ് ചടങ്ങ്

ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് അഭിഷിക്തനാകും; ബെയ്‌റൂത്തില്‍ രാത്രി 8.30നാണ് ചടങ്ങ്
X

കൊച്ചി: വചനിപ്പ് തിരുനാള്‍ ദിനമായ ചൊവ്വാഴ്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കും. ലബ്‌നാനിലെ ബെയ്‌റൂത്തിലെ അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങ്. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹ കാര്‍മികരാകും.

പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുക്കും.

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധിസംഘത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി വി ശ്രീനിജിന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷുമുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് എന്ന പരുമല കൊച്ചുതിരുമേനിയുടെ നാലാം തലമുറക്കാരനാണ്. 1960 നവംബര്‍ 10ന് പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചന്‍, പരേതയായ ശാന്ത എന്നിവര്‍ സഹോദരങ്ങള്‍.

Next Story

RELATED STORIES

Share it