Sub Lead

'ഹമാസിന്റേത് ആക്രമണമല്ല, പ്രതിരോധം'; തരൂരിനെ കുറ്റപ്പെടുത്തേണ്ടെന്ന് കെ മുരളീധരന്‍

ഹമാസിന്റേത് ആക്രമണമല്ല, പ്രതിരോധം; തരൂരിനെ കുറ്റപ്പെടുത്തേണ്ടെന്ന് കെ മുരളീധരന്‍
X

കോഴിക്കോട്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരേ ഹമാസ് നടത്തിയത് ആക്രമണമല്ലെന്നും ദുരിതമനുഭവിക്കുന്ന ഒരു ജനതയുടെ പ്രതിരോധം മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ശശി തരൂരിനെ ഒരുവാചകത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ പൊതുവായ പ്രസംഗം ഫലസ്തീനൊപ്പവും ഇസ്രായേലിനെതിരെയുമായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എല്ലാ കാലത്തും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അതായിരുന്നു പാര്‍ട്ടി നിലപാട്. കഴിഞ്ഞ യോഗത്തില്‍ ഹമാസിനെ കുറ്റപ്പെടുത്തി ചില അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ അതിനെ പൂര്‍ണമായി വര്‍ക്കിങ് കമ്മിറ്റി തള്ളിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഉണ്ടായത് ഒരാക്രമണമല്ല. എത്രയോ വര്‍ഷങ്ങളായി ഒരു ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ ഭാഗമായുള്ള പ്രതിരോധമാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ തന്നെ പറഞ്ഞത് ഇത് ഇസ്രായേല്‍ ക്ഷണിച്ചുവരുത്തിയതാണ് എന്നാണ്. എന്നാല്‍, തരൂരിനെ ഒരുവാചകത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പൊതുവായ പ്രസംഗം ഫലസ്തീനൊപ്പവും ഇസ്രയേലിന് എതിരെയുമാണ്. യുദ്ധത്തില്‍ സാധാരണ സ്ത്രീകളെയും കുട്ടികളെയും കൊല്ലാറില്ല. അങ്ങനെയാണ് നിയമം. ഇവിടെ ആശുപത്രി സ്തംഭിപ്പിക്കുന്നു. അതിനുനേരെ ആക്രമണം നടത്തുന്നു. ഇത്തരം ഭീകരസംഭവങ്ങളെ അപലപിക്കാതെ ഒക്ടോബര്‍ ഏഴിനെ അപലപിക്കുന്നതില്‍ വലിയ കാര്യമില്ല. തരൂരിന്റെ പ്രസംഗത്തില്‍ ഒരുവാചകം മൊഴിച്ച് ബാക്കിയെല്ലാം പാര്‍ട്ടി നിലപാടാണ് പറഞ്ഞതെന്നും മുരീളധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it