Sub Lead

മറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ വെല്ലുവിളിച്ച് കെ എസ് ഹംസ

മറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ വെല്ലുവിളിച്ച് കെ എസ് ഹംസ
X

തിരൂര്‍: മുസ് ലിം ലീഗിനെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ഹംസ. അവര്‍ മറുപടി പറഞ്ഞാല്‍ തന്റെ ആരോപണത്തിനുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളില്‍ പരസ്യ സംവാദത്തിന് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയെ താന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സംവാദത്തിന് തയ്യാറായില്ല. മറ്റു ലീഗ് നേതാക്കളും അതിനു തയ്യാറായില്ല. ആരോപണങ്ങളില്‍നിന്ന് ഒളിച്ചച്ചോടുകയാണവര്‍.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തി ഇഡിക്കു വിട്ടുകൊടുത്തു. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാതെ മാറിനിന്നതിന് കുഞ്ഞാലിക്കുട്ടിയോട് അന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ വിശദീകരണം തേടിയപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് മാപ്പ് പറയേണ്ടിവന്നു. മാപ്പ് പറഞ്ഞത് തങ്ങള്‍ പുറത്തുവിട്ടു. കൂടാതെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇതൊക്കെയാണ് കുഞ്ഞാലിക്കുട്ടിക്ക് തങ്ങളോട് വിരോധമുണ്ടാവാന്‍ കാരണം.

ലീഗ് മുഖപത്രത്തിന്റെ അക്കൗണ്ട് വഴി വി കെ ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ തങ്ങളുടെ മൊഴിയെടുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടിലെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയുടെ ഉടമസ്ഥതയിലുള്ള കാറിലാണ്. പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണ്. നോട്ട് നിരോധനകാലത്ത് ഈ കള്ളപ്പണം വെളുപ്പിക്കാന്‍ ആദ്യം കൊണ്ടുപോയത് തിരുവന്തപുരത്തേക്കാണ്. ഒരു ചാക്കില്‍ കെട്ടിയ നോട്ടുകെട്ടുകള്‍ കഴക്കൂട്ടത്ത് ഇറക്കി. അവിടുന്ന് പത്രത്തിന്റെ തിരുവനന്തപുരം ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഒരു കാര്‍ വാടകയ്‌ക്കെടുത്ത് അതില്‍ കയറ്റി കൊണ്ടുപോയി പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല. പിന്നീട് എറണാകുളത്ത് കൊണ്ടുവന്ന് ഇബ്രാഹീംകുഞ്ഞ് ഇടപെട്ട് പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ഇഡി പത്രത്തിന്റെ ചെയര്‍മാനായിരുന്ന തങ്ങളുടെ മൊഴിയെടുത്തത്. കൂടാതെ അസുഖബാധിതനായി ഹൈദരലി തങ്ങള്‍ ചികില്‍സയിലായപ്പോള്‍ പകരം വര്‍ക്കിങ് പ്രസിഡന്റായി സാദിഖലി തങ്ങളെ അവരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. ഇതിനായി തങ്ങള്‍ കുടുംബാംഗങ്ങളുടെ യോഗം വിളിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ പാണക്കാട്ട് വച്ച് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതിന് മുനവ്വറലി തങ്ങള്‍ സാക്ഷിയാണെന്നും കെ എസ് ഹംസ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരു വലിയ കേസില്‍ പ്രതിയാക്കിയതിനു പിന്നിലെ ഗൂഢാലോചനയാണ് താന്‍ പ്രധാനമായും ഉന്നയിച്ചത്. തങ്ങളില്‍നിന്ന് പല ആനുകൂല്യങ്ങളും അനുഭവിച്ചവര്‍ പോലും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് കുറ്റകരമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് ലീഗ് എംപിമാര്‍ വിട്ടുനിന്നത് എന്തുകൊണ്ടെന്നായിരുന്നു തന്റെ മറ്റൊരു ചോദ്യം. യുഎപിഎ ബില്ലും എന്‍ഐഎ ബില്ലും വോട്ടിനിട്ടപ്പോഴും ലീഗ് അംഗങ്ങള്‍ എതിര്‍ത്തില്ല. ഗുരുതരമായ ഈ പാതകങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്നും താന്‍ ചോദിച്ചിരുന്നു. ഇതൊക്കെയടക്കം 14 വിഷയങ്ങളില്‍ താന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനു മറുപടി പറയാതിരിക്കുന്നത് അവര്‍ ലീഗിനോടും സമൂഹത്തോടും ചെയ്യുന്ന വഞ്ചനയാണെന്നും കെ എസ് ഹംസ പറഞ്ഞു.

Next Story

RELATED STORIES

Share it