Sub Lead

യുഡിഎഫിലും പൊട്ടിത്തെറി; മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍എസ്പി

യുഡിഎഫിലും പൊട്ടിത്തെറി; മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍എസ്പി
X

തിരുവനന്തപുരം: സംസ്ഥാനത്തെ നേതൃമാറ്റത്തെയും ഡിസിസി പട്ടികയെയും ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പൊട്ടിത്തെറി യുഡിഎഫിലേക്കും വ്യാപിക്കുന്നു. മുന്നണിയിലെ ഘടകകക്ഷിയായ ആര്‍എസ്പി ഇടഞ്ഞുനില്‍ക്കുന്നതാണ് യുഡിഎഫിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മുന്നണിയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്‍കിയിരുന്നു. എന്നാല്‍, യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഭാവി പരിപാടികള്‍ സപ്തംബര്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. മുന്നണി വിടുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ ആലോചന നടക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളുവെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് ആര്‍എസ്പിയില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടാവും. യുഡിഎഫില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമുണ്ടായില്ല.

യുഡിഎഫ് വിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും എ എ അസീസ് പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മുന്നണിയില്‍ പ്രശ്‌നമാവും. യുഡിഎഫ് തെറ്റുതിരുത്തണം. ഇന്നത്തെ നിലയില്‍ പോയാല്‍ പോരെന്ന് വ്യക്തമാക്കി ജൂലൈ 28ന് കത്ത് നല്‍കിയിട്ടുണ്ട്. 40 ദിവസമായിട്ടും ആര്‍എസ്പിയെ ചര്‍ച്ചയ്ക്ക് വിളിക്കാത്തതിലാണ് അതൃപ്തിയുള്ളതെന്നും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തത് അതിനാലാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ആര്‍എസ്പിയെ യുഡിഎഫിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത്. എന്നാല്‍, കെ സുധാകരനും വി ഡി സതീശനുമടക്കമുള്ള പുതിയ സംസ്ഥാന നേതൃത്വം ഉമ്മന്‍ചാണ്ടി- ചെന്നിത്തല വിഭാഗങ്ങളെ ഒതുക്കുന്നുവെന്ന അതൃപ്തി ആര്‍എസ്പിക്കുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതും മുന്നണിമാറ്റത്തിലേക്ക് നീങ്ങാന്‍ കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് വിടുന്നതിനെക്കുറിച്ച് ആര്‍എസ്പിയില്‍ നേരത്തെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടതില്ലെന്ന് ആര്‍എസ്പിയിലെ എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഒരുവിഭാഗം നിലപാട് സ്വീകരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it