Big stories

കെവിന്‍ കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി അടുത്തമാസം 14ന്

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ മൂന്നുമാസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അടുത്തമാസം വിധി പറയുമെന്ന് കോടതി അറിയിച്ചത്. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടികള്‍.

കെവിന്‍ കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി അടുത്തമാസം 14ന്
X

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫി (24) നെ കൊലപ്പെടുത്തിയ കേസില്‍ അടുത്തമാസം 14ന് വിധി പ്രഖ്യാപിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ മൂന്നുമാസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അടുത്തമാസം വിധി പറയുമെന്ന് കോടതി അറിയിച്ചത്. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടികള്‍. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശമെങ്കിലും മൂന്നുമാസംകൊണ്ടുതന്നെ വിചാരണ പൂര്‍ത്തിയായി. കേസ് വിചാരണയ്ക്കിടയില്‍ത്തന്നെ നിരവധി വിവാദങ്ങളുമുയര്‍ന്നു.

കെവിന്റെ കൊലപാതകത്തിനിടയാക്കുന്ന തരത്തില്‍ ഗുരുതരവീഴ്ച വരുത്തിയ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതോടെ പിന്നീട് അത് സര്‍ക്കാര്‍ മരവിപ്പിച്ചു. സാക്ഷികള്‍ പലരും വിചാരണയ്ക്കിടയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകള്‍ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസില്‍ ഉചിതമായ വിധിവരുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 2018 മെയ് 27ന് പുലര്‍ച്ചെ കെവിന്റെ ബന്ധുവായ അനീഷിന്റെ മാന്നാനത്തെ വീടാക്രമിച്ചാണ് ഭാര്യവീട്ടുകാരുള്‍പ്പെടുന്ന സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ടുപോവല്‍. കൊല്ലം ജില്ലയിലെ തെന്‍മലയില്‍ ഇരുവരെയുമെത്തിച്ച് മര്‍ദനത്തിനിരയാക്കി. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് ഇറക്കിവിട്ടു.

എന്നാല്‍, അടുത്തദിവസം രാവിലെ കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകമെന്നായിരുന്നു കുറ്റപത്രം. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ ഉള്‍പ്പടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പടെ 10 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഒന്നാംപ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. 85 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ കോടതിയുടെ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it