Sub Lead

തൂഫാനുല്‍ അഖ്‌സ ഇസ്രായേലിന് എല്‍പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും നിലനില്‍ക്കും: ഹമാസ്

തൂഫാനുല്‍ അഖ്‌സ ഇസ്രായേലിന് എല്‍പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും നിലനില്‍ക്കും: ഹമാസ്
X

ദോഹ: അല്‍ഖസ്സം ബ്രിഗേഡ് ഇസ്രായേലിന് എല്‍പ്പിച്ച മാരകമായ പ്രഹരം ചരിത്രത്തില്‍ എക്കാലവും നിലനില്‍ക്കുമെന്ന് ഹമാസ് രാഷ്ട്രീയ കാര്യസമിതി അംഗം ഡോ. ഖലീല്‍ അല്‍ ഹയ്യ. ലോകം ഇതുവരെ കാണാത്ത ഇഛാശക്തിയോടെയാണ് അല്‍ഖസ്സം ബ്രിഗേഡ് പ്രവര്‍ത്തിച്ചതെന്നും ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

'' ഫലസ്തീനികളുടെ നിശ്ചയദാര്‍ഡ്യവും ധീരമായ ചെറുത്തുനില്‍പ്പുമാണ് ശത്രുവിന്റെ പദ്ധതികളെ പരാജയപ്പെടുത്തിയത്. ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല. ഗസക്കാരെ ഇല്ലാതാക്കാന്‍ നടത്തിയ ഉന്മൂലന യുദ്ധത്തില്‍ പങ്കെടുത്ത ആരെയും ഫലസ്തീനികള്‍ മറക്കില്ല.''-ഡോ. ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.

കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍, പണ്ഡിതന്മാര്‍, മുജാഹിദീനുകള്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗസയിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ നിരവധിയായ രക്തസാക്ഷികളെ ഡോ. ഖലീല്‍ അല്‍ ഹയ്യ അഭിവാദ്യം ചെയ്തു. ഇസ്മാഈല്‍ ഹനിയ, യഹ്‌യ സിന്‍വാര്‍, സാലിഹ് അല്‍ അരൂരി, തുടങ്ങി ഗസയിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ചു.

തൂഫാനുല്‍ അഖ്‌സ ഫലസ്തീന്‍ ലക്ഷ്യത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. അത് തലമുറകളിലേക്ക് കൈമാറും. ഗസയിലെ അധിനിവേശത്തെ ചെറുക്കാന്‍ ജെനിന്‍ ക്യാമ്പിലെയും ജറുസലേമിലെയും ജൂതന്‍മാരുടെ കൈവശമുള്ള ഭൂമിയിലേയും (ഇസ്രായേലിലെ) പോരാളികള്‍ ഞങ്ങളെ പിന്തുണച്ചു.

ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അള്‍ജീരിയ, റഷ്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം നിന്നു. ഗസ ഇപ്പോള്‍ ഒരു പുതിയഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. ഇത് നിര്‍മാണത്തിന്റെ ഘട്ടമാണ്. ഇസ്രായേലി ആക്രമണത്തിന്റെയും നശീകരണത്തിന്റെയും ഫലങ്ങള്‍ നീക്കം ചെയ്യണം. ഇത് ഐക്യദാര്‍ഡ്യത്തിന്റെയും സഹാനുഭൂതിയുടെയും ഘട്ടമാണ്. അധിനിവേശം നശിപ്പിച്ചത് പുനര്‍നിര്‍മിക്കുന്നവരാണ് ഞങ്ങള്‍. നിങ്ങളുടെയെല്ലാം പിന്തുണയോടെ അതു ചെയ്യാന്‍ സാധിക്കും.

ഗസയിലെ പ്രതിരോധത്തിനൊപ്പം നിന്ന ''പ്രതിരോധത്തിന്റെ അച്ചുതണ്ടിനെ'' പ്രശംസിക്കുന്നതായും ഡോ. ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഗസയിലെ പ്രതിരോധത്തിന് പിന്തുണ നല്‍കിയ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസറുല്ലയും മറ്റു നിരവധി പേരും രക്തസാക്ഷികളായി. യെമനിലെ ഹൂത്തികള്‍ ഭൂമിശാസ്ത്രപരമായ ദൂരം മറികടന്ന് പ്രദേശത്തിന്റെ അധികാര സമവാക്യവും പോരാട്ടത്തിന്റെ രീതിയും മാറ്റിമറിച്ചു. ഇറാന്‍, ഫലസ്തീനികള്‍ക്കും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കി. അവര്‍ ഇസ്രായേലുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ഇസ്രായേലിനെ ആക്രമിക്കുകയും ചെയ്തു. ഇറാഖിലെ പ്രതിരോധപ്രസ്താനവും ഗസയ്ക്ക് പിന്തുണ നല്‍കി. അവരുടെ മിസൈലുകളും ഡ്രോണുകളും ഇസ്രായേലിനെ ആക്രമിച്ചു. പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ പ്രവര്‍ത്തനങ്ങളെ ഹമാസ് പ്രശംസിക്കുന്നുവെന്നും ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.

Next Story

RELATED STORIES

Share it