Sub Lead

കെ കെ മുഹമ്മദിന്റെ പത്മശ്രീ സംഘപരിവാര പ്രചാരണത്തിന് പിന്‍ബലം നല്‍കിയതിനുള്ള പ്രത്യുപകാരമോ?

ഇത്തവണത്തെ ഭാരത് രത്‌ന, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ അത് ലഭിച്ച ആളുകളുടെ മഹത്വത്തേക്കാള്‍ അവരുടെ രാഷ്ട്രീയ ചായ്‌വിനുള്ള അംഗീകാരമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

കെ കെ മുഹമ്മദിന്റെ പത്മശ്രീ സംഘപരിവാര പ്രചാരണത്തിന് പിന്‍ബലം നല്‍കിയതിനുള്ള പ്രത്യുപകാരമോ?
X

കോഴിക്കോട്: ഇത്തവണത്തെ ഭാരത് രത്‌ന, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ അത് ലഭിച്ച ആളുകളുടെ മഹത്വത്തേക്കാള്‍ അവരുടെ രാഷ്ട്രീയ ചായ്‌വിനുള്ള അംഗീകാരമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആര്‍എസ്എസുമായി വേദി പങ്കിട്ട മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആര്‍എസ്എസ് നേതാവായിരുന്ന നാനാജി ദേശ്മുഖും ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചവരില്‍പ്പെടുന്നു. പത്മഭൂഷന്‍ ലഭിച്ചവരില്‍ ഒരാള്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പേരു പറഞ്ഞു കേള്‍ക്കുന്ന നടന്‍ മോഹലാലാണ്. പത്മശ്രീ ലഭിച്ച പ്രമുഖ പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദാണ് മറ്റൊരാള്‍.

സംഘപരിവാര പ്രചാരണങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തിയതിനുള്ള അംഗീകാരമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കെ കെ മുഹമ്മദിന് ലഭിച്ച പുരസ്‌കാരമെന്നാണ് ആക്ഷേപമുയരുന്നത്. ഞാന്‍ ഭാരതീയന്‍ എന്ന കെ കെ മുഹമ്മദിന്റെ ഓര്‍മ പുസ്തകത്തിലെ ഒരു പ്രധാന ഭാഗം ബാബരി മസ്ജിദിനെക്കുറിച്ചുള്ളതാണ്. ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന ആര്‍എസ്എസ് നുണപ്രചാരണം പുസ്തകത്തില്‍ അദ്ദേഹം അതേപടി ഏറ്റുപിടിക്കുന്നു. രാമരാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ തേടി പ്രഫ. പിബി ലാലിന്റെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യയിലെ പല ഭാഗത്തും പുരാവസ്തു ഗവേഷകര്‍ കിളച്ചു നടന്നിരുന്നു. ലാല്‍ നേതൃത്വം വഹിച്ച സംഘത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ടു ഗവേഷക വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നുവത്രെ മുഹമ്മദ്. താന്‍ ബാബരി മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കൊത്തിയ ക്ഷേത്രത്തൂണുകള്‍ അവിടെ കണ്ടുവെന്നു മുഹമ്മദ് എഴുതുന്നു. ഈ പ്രശ്‌നം കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍എസ്എസ് വാരികയ്ക്ക് രാമക്ഷേത്രത്തിനനുകൂലമായ ആമുഖം കൊടുത്ത പുരാവസ്തു വിദഗ്ധന്‍ കൂടിയാണ് മുഹമ്മദ്.

മുഹമ്മദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും ഔറംഗസേബുമൊക്കെ ക്ഷേത്രധ്വംസനം നടത്തിയത് ക്ഷേത്രഭണ്ഡാരങ്ങളില്‍ കണ്ണുവച്ചായിരുന്നുവെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചതിനെ മുഹമ്മദ് പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മുസ്‌ലിം ഭരണാധികാരികള്‍ ചെയ്ത അതിക്രമങ്ങളെ സാമ്പത്തിക വീക്ഷണത്തിലൂടെ മാത്രം കാണുന്ന ഇടതുപക്ഷ ബുദ്ധിജീവികളെ മുഹമ്മദ് കളിയാക്കുന്നു. മതപരമായ വീക്ഷണം വച്ചാണ് രാജാക്കന്മാര്‍ പെരുമാറിയതെന്നാണ് ഇതിന്റെ ധ്വനി. അതേയവസരം, മുസ്‌ലിംകള്‍ കൂട്ടക്കൊലക്കിരയായതും ചുട്ടെരിക്കപ്പെട്ടതും ഗര്‍ഭസ്ഥ ശിശുവിനെ ശൂലംകൊണ്ട് കുത്തി പുറത്തുചാടിച്ചതും പിന്നീട് ഉമ്മയെ തീയിട്ട് കൊന്നതുമെല്ലാം ചരിത്രത്തിന്റെ പ്രവാഹത്തില്‍ സംഭവിക്കുന്നതാണത്രെ. (പുറം: 124). മാത്രവുമല്ല സംഘപരിവാര്‍ പ്രഭൃതികള്‍പോലും പറയാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം മുഹമ്മദ് പറയുന്നു. അതൊക്കെ ഇനിയും സംഭവിക്കാമെന്ന്. ന്യായീകരണവും മുഹമ്മദിന്റെ ഭാഗത്തു നിന്നുണ്ട്. മധ്യഭരണകാലത്ത് അതിനെക്കാള്‍ ക്രൂരതകള്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവത്രെ. ഇനിയാണു ഗ്രന്ഥകാരന്‍ ശരിക്കും മനസ്സ് തുറക്കുന്നത്. ഹിന്ദുവര്‍ഗീയത മൗലിക രൂപത്തിലുള്ളതല്ല. അത് പലപ്പോഴും പൊട്ടിപ്പുറപ്പെടുന്നത് മറ്റു സംഭവങ്ങളുടെ തിരിച്ചടി എന്ന രൂപത്തിലാണ്. ഗോദ്രയില്‍ സംഭവിച്ചതുപോലും അങ്ങനെയാണ്. (പുറം: 124). ഈ രീതിയില്‍ സംഘപരിവാര പ്രചാരണങ്ങള്‍ അതിനേക്കാള്‍ ശക്തമായി ഏറ്റെടുത്ത് പ്രചരിപ്പിച്ചയാളായിരുന്നു കെ കെ മുഹമ്മദ്. പലപ്പോഴും സംഘപരിവാര വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള കെ കെ മുഹമ്മദിനേയാണ് ബാബരി മസ്ജിദ് തര്‍ക്കമുയരുമ്പോള്‍ തെളിവിനായി ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെ ഉദ്ധരിക്കാറുള്ളത്.

അതേ സമയം, 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്ത ബാബരിമസ്ജിദിനു താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയ മുന്നേറ്റത്തിനായി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എ.എസ്.ഐ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തുഗവേഷകരായ സുപ്രിയാ മേനോനും ജയാ വര്‍മയും ഈയിടെ വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്ത് നടത്തിയ ഗവേഷണത്തില്‍ നിരീക്ഷകരായി പങ്കെടുത്തവരായിരുന്നു ഇരുവരും. 2003ല്‍ ബാബരി ഭൂമിയിലെ ഖനനത്തിനിടെ ലഭിച്ച എല്ലുകള്‍ ആര്‍ക്കിയോളജി വിഭാഗം നശിപ്പിച്ചതായി അന്ന് സര്‍വേയില്‍ നിരീക്ഷകനായിരുന്ന അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു. മുമ്പ് അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാകുമായിരുന്നു പാചകം ചെയ്ത ഈ എല്ലിന്‍ കഷ്ണങ്ങള്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കെ കെ മുഹമ്മദ് പറഞ്ഞ മറുപടി അക്കാര്യം അന്ന് പറയണമായിരുന്നു എന്നാണ്.

യുപിഎസ്എസി വഴി ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ആയായിരുന്നു കെ കെ മുഹമ്മദിന്റെ പുരാവസ്തുവകുപ്പിലെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായാണ് വിരമിച്ചത്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Next Story

RELATED STORIES

Share it