Sub Lead

കെ എസ് ഷാന്‍ കൊലപാതകം: പ്രതികളെ ഒളിപ്പിച്ചത് ബിജെപി, ആര്‍എസ്എസ് നേതാക്കളെന്ന് സിപിഎം ജില്ലാ സെക്രട്ടറി

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തിനാണ് കള്ളായിയില്‍ ആര്‍എസ്എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്.

കെ എസ് ഷാന്‍ കൊലപാതകം: പ്രതികളെ ഒളിപ്പിച്ചത് ബിജെപി, ആര്‍എസ്എസ് നേതാക്കളെന്ന് സിപിഎം ജില്ലാ സെക്രട്ടറി
X

തൃശൂര്‍: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആവശ്യപ്പെട്ടു. പ്രതികളെ ഒളിപ്പിച്ചതിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ട്. ഇത് ആപത്കരമായ സൂചനയാണ്. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തിനാണ് കള്ളായിയില്‍ ആര്‍എസ്എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്.

സംഭവത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ് ( സുധീഷ് - 49), ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കള്ളായി മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരെയാണ് പോലിസ് പിടികൂടിയത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പോലിസ് പറയുന്നു. കേസില്‍ ഇന്നും രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അതിനിടെ, ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു.

ആ യോഗത്തില്‍ കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചു. ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്നു. ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി. കൊലയാളി സംഘാംഗങ്ങള്‍ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.

Next Story

RELATED STORIES

Share it