Sub Lead

അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെക്കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ കെ ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ചുള്ള വസ്തുതകളുടെ മെമ്മോറാണ്ടവും അവര്‍ സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരുമായി വിഷയം സംസാരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ന് തന്നെ ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്ന് രാഷ്ട്രപതി ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ പിതാവ് ആഭ്യന്തര മന്ത്രിയായതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നീതിയുക്തമായ അന്വേഷണം സാധ്യമല്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പിതാവിനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഞങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

അതുപോലെ, സുപ്രിംകോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ അന്വേഷണം നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ സര്‍ക്കാരിന് മേലുള്ള സമ്മര്‍ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. മകനെതിരേ കൊലപാതക കേസില്‍ അന്വേഷണം നടക്കുന്‌പോള്‍ അച്ഛന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മിക പ്രശ്‌നമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it