Sub Lead

മെസ്സി, ദ റിയല്‍ ഗോട്ട്

മെസ്സി, ദ റിയല്‍ ഗോട്ട്
X

ബഷീര്‍ പാമ്പുരുത്തി

വേര്‍ ഈസ് മെസ്സി, വേര്‍ ഈസ് മെസ്സി...?, ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരായ ആദ്യമല്‍സരത്തില്‍ അര്‍ജന്റീന തോറ്റപ്പോള്‍ സൗദി ആരാധകനായ അബ്ദുല്ല അല്‍ അയ്യാദ് തുടങ്ങിവച്ച പരിഹാസമാണിത്. പിന്നീടത് സൗദി താരങ്ങളും ഏറ്റെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെ അത് പാറിപ്പറന്നു. ഇങ്ങ് മലയാള നാട്ടിലും ട്രോളുകളുടെ പെരുമഴ തീര്‍ത്തു. എത്രവലിയ ഇതിഹാസമാണെങ്കിലും ഹൃദയം തകര്‍ന്നുപോവുന്നൊരു നിമിഷം. ആ പരിഹാസം അയാളെ അത്രമേല്‍ പ്രകോപിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, പ്രകോപനം കൊണ്ട് ഉടഞ്ഞുപോവരുതല്ലോ. കാരണം, അയാളുടെ പേര് ലയണല്‍ ആന്ദ്രേസ് മെസ്സി എന്നാണല്ലോ. പിന്നീടുള്ള ഓരോ കളിയിലും ഗോള്‍വേട്ടയിലൂടെ തന്റെ സ്വപ്നസാഫല്യമായ കനകകിരീടത്തില്‍ മുത്തമിടാനും അയാളെ പ്രാപ്തനാക്കിയത് ആ പക്വമാര്‍ന്ന പ്രതികാരം തന്നെയാവും. പരിഹാസശരം കേട്ട് പിന്തിരിഞ്ഞോടില്‍ അവിടെ മരിച്ചുവീഴുക ഒരു ഇതിഹാസമായിപ്പോവുമല്ലോ.


ഒരു കാല്‍പ്പന്ത് താരത്തിന് ലോകത്ത് എന്തൊക്കെ നേടാനാവുമോ അതെല്ലാം നേടിയാണ് നീലപ്പടയുടെ രാജകുമാരന്‍ ഇന്നലെ ലുസൈല്‍സിന്റെ പുല്‍ത്തകിടിയില്‍ ആഹ്ലാദനൃത്തം ചവിട്ടിയത്. 37 ക്ലബ് ട്രോഫികള്‍, ഏഴ് ബാലണ്‍ ഡി ഓര്‍, ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകള്‍, ഒരു കോപ്പ അമേരിക്ക കിരീടം, ഒരു ഒളിമ്പിക് സ്വര്‍ണം, എണ്ണമറ്റ ഗോളുകളും അസിസ്റ്റുകളും, രണ്ട് ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബോളുകള്‍, ഒടുവില്‍ സാക്ഷാല്‍ വിശ്വകിരീടവും. അയാള്‍ അത് അര്‍ഹിച്ചിരുന്നുവെന്ന് ലോകം ഒറ്റസ്വരത്തില്‍ പറയാന്‍ കാരണം മെസി എന്ന മാന്ത്രികന്റെ മാസ്മരികത തന്നെയായിരുന്നു. ഒരുപക്ഷേ, എംബാപെയെന്ന പുത്തന്‍ താരോദയത്തിന്റെ മിന്നലാട്ടങ്ങള്‍ക്കുമപ്പുറം മെസി എന്ന രാജാവിന് ദൈവം തനമ്‌നെ മാറ്റിവച്ചതായിരിക്കും ഇന്നലത്തെ രാവ്. കാരണം, അത്രമേല്‍ ഫുട്‌ബോളിനെ പ്രണയിച്ച ആ ഇതിഹാസം കരഞ്ഞുകൊണ്ട് കളിമൈതാനും വിടുന്നത് നീതികേടായിരിക്കുമെന്ന് ദൈവത്തിനു പോലും തോന്നിക്കാണണം. 35ആം വയസ്സില്‍ ലോകത്തിന്റെ പ്രാര്‍ഥനകളും പ്രതീക്ഷകളും അയാള്‍ നിറവേറ്റിത്തന്നിരിക്കുന്നു. ഒരുപക്ഷേ, പെലെ, ഡീഗോ മറഡോണ, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ജോഹാന്‍ ക്രൈഫ് എന്നിവരേക്കാള്‍ മുകളില്‍ ഉയര്‍ത്തപ്പെടുക മിഷിഹായും നാമങ്ങളാവും.


വിശ്വപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്ത രാത്രിയില്‍ ഒരുപിടി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞാണ് ഫുട്‌ബോള്‍ മിശിഹ ലോകകപ്പില്‍ മുത്തമിട്ടത്. ഫൈനലിലെ രണ്ട് ഗോള്‍ ഉള്‍പ്പെടെ ഏഴ് ഗോളുമായി ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനായി മെസ്സി. ഫൈനല്‍ കളിച്ചതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ഇനി മെസ്സിക്ക് സ്വന്തം. 25 മത്സരങ്ങള്‍ കളിച്ച ജര്‍മനിയുടെ ലോതര്‍ മത്തേയൂസിനെയാണ് മറികടന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം കളിച്ച താരവും മെസ്സി തന്നെ. ഫൈനലില്‍ മെസ്സി 23 മിനിറ്റ് കൂടി കളിച്ചതോടെ 2,217 മിനിറ്റുകള്‍ കളിച്ച ഇറ്റലിയുടെ പോളോ മാള്‍ഡീനിയെയാണ് മറികടന്നത്. ഫ്രാന്‍സിനെ തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച താരമെന്ന റെക്കോഡിനൊപ്പവുമെത്തി. 17 മത്സരങ്ങള്‍ ജയിച്ച ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസെയ്‌ക്കൊപ്പമാണെത്തിയത്. ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മെസിയില്‍ സുരക്ഷിതം. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കും മെക്‌സിക്കോക്കുമെതിരെ ഗോള്‍ നേടിയ മെസ്സി പോളണ്ടിനെതിരെ സ്‌കോര്‍ ചെയ്യാനായിരുന്നില്ല. എന്നാല്‍, പ്രീ ക്വാര്‍ട്ടറില്‍ ആസ്‌ട്രേലിയക്കെതിരെയും ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും ഓരോ ഗോളും ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇരട്ട ഗോളും നേടി. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബാള്‍ നേടിയ ആദ്യ താരവും മെസ്സി തന്നെ. 2014ലെ ബ്രസീല്‍ ലോകപ്പില്‍ കലാശക്കളിയില്‍ ജര്‍മനിയോട് തോറ്റെങ്കിലും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ മെസ്സി സ്വന്തമാക്കിയിരുന്നു. മെസ്സി ഇത്തവണ ഏഴ് ഗോളുകള്‍ നേടിയപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.


ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മല്‍സരമായിരിക്കുമെന്ന് മെസ്സി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കാരണം, അദ്ദേഹത്തിന് വയസ്സ് 35 പിന്നിട്ടിരിക്കുന്നു. പക്ഷേ, ചാംപ്യനെന്ന പട്ടവുമായി അര്‍ജന്റീനയുടെ നീലയും വെള്ളയുമുള്ള കുപ്പായത്തില്‍ ഇനിയും കുറച്ചുകാലം പന്തുതട്ടാന്‍ അയാളുണ്ടാവും. കാരണം, പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ കപ്പ് കൈവിട്ടപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി കളംവിട്ട അയാള്‍ക്ക് ഇനിയല്‍പ്പം കളിപ്പന്ത് മൈതാനിയില്‍ സമ്പൂര്‍ണതാരമായി ഓടിനടക്കണമെന്നുണ്ടാവും. പ്രായം എന്നത് വെറുംവാക്കാണെന്ന് തെളിയിച്ച ഇതിഹാസതാരത്തിനൊപ്പം മരിച്ചുകളിച്ച സഹതാരങ്ങളുടെ വയസ്സ് കൂടി അറിയുമ്പോഴാണ് മെസ്സിയെന്ന മാന്ത്രികന്റെ വിശ്വരൂപം മനസ്സിലാവുക.


2006ല്‍ സഹതാരങ്ങളുടെ പ്രായം

2006ല്‍ സഹതാരങ്ങളുടെ പ്രായം

തന്റെ കൗമാരത്തില്‍ സെര്‍ബിയയ്‌ക്കെതിലേ 2006ല്‍ ആദ്യ ലോകകപ്പില്‍ മെസ്സി കളിക്കിറങ്ങുമ്പോള്‍ ഇന്ന് താരത്തിനൊപ്പം പന്ത് തട്ടിയ പലരും ബാല്യംവിടാത്ത കുട്ടികളായിരുന്നു. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച യങ് ഫുട്‌ബോളറെന്ന പുരസ്‌കാരം നേടിയ എന്‍സോ ഫെര്‍ണാണ്ടസിന് അന്ന് പ്രായം വെറും അഞ്ച് വയസ്സായിരുന്നു. മെസ്സിയോടൊപ്പം, മെസ്സിക്കു വേണ്ടി കലാശപ്പോരിനിറങ്ങിയ അലക്‌സിസ് മാക് അലിസ്റ്റര്‍ക്കും ജൂലിയന്‍ അല്‍വാരസിനും അന്ന് പ്രായം ആറു വയസ്സ്. നഹുവല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ജുവാന്‍ ഫോയ്ത്ത്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവര്‍ക്കെല്ലാം അപ്പോള്‍ പ്രായം എട്ടുവയസ്സ്. മധ്യനിരയെ സമ്പന്നമാക്കിയ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡെസ്, പൗലോ ഡിബാല എന്നിവര്‍ക്ക് 12 വയസ്സും ഗോണ്‍സാലോ മോണ്ടിയലിന് 9 വയസ്സുമായിരുന്നു. നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് 13 വയസ്സ്. ലെഫ്റ്റ് ബാക്ക് മാര്‍ക്കോസ് അക്യുനയ്ക്കും കലാശപ്പോരില്‍ ദൈവത്തിന്റെ കാലുമായി മെസ്സിയുടെ സിംഹാസനാരോഹണത്തിന് ഗോള്‍ഡന്‍ ഗ്ലൗവിലൂടെ മതില്‍തീര്‍ത്ത ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസിനും 14 വയസ്സായിരുന്നു പ്രായം. ഫൈനല്‍ തന്റേതുകൂടിയാക്കി മാറ്റുകയും ലോകകപ്പില്‍ നിന്ന് വിടവാങ്ങുകയും ചെയ്യുന്ന എയ്ഞ്ചല്‍ ഡി മരിയയും മൈതാനത്ത് ഓളം തീര്‍ത്ത നിക്കോളാസ് ഒട്ടാമെന്‍ഡിയും മാത്രമായിരുന്നു അന്ന് 18 വയസ്സ് പൂര്‍ത്തിയായവര്‍.


കുട്ടിക്കാലത്ത് ലയണല്‍ മെസ്സിയുടെ കളി കണ്ട് വളര്‍ന്നവരാണ് ഇന്ന് അദ്ദേഹത്തിനൊപ്പം ആനന്ദനൃത്തം ചവിട്ടി ആകാശനീലിമയില്‍ പാറിപ്പറന്നത് എന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് ലയണല്‍ ആന്ദ്രേസ് മെസി എന്ന 35കാരനിലെ ഇതിഹാസതാരത്തിന്റെ മാറ്റ് കൂടുതല്‍ കൂടുതല്‍ അറിയാനാവുകയുള്ളൂ. അതേ, ഇതാണ് മെസ്സി, ദ റിയല്‍ ഗോട്ട്...ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം. വാമോസ് മെസ്സീ, താങ്ക് യൂ.. മെസ്സീ....

Next Story

RELATED STORIES

Share it